തിരുവനന്തപുരം:നിലവിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച്, ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയുടെ പേരില്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്‍റെ നീക്കം തിരിച്ചറിഞ്ഞ് സടകുടഞ്ഞെണീറ്റ് കോണ്‍ഗ്രസ്. 2016ല്‍ ആത്മീയാചാര്യനായ ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്ററും വത്സന്‍ തില്ലങ്കേരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും രംഗത്തെത്തിയതോടെ വിഷയത്തില്‍ വരും ദിവസങ്ങളില്‍ വിവാദം കൊഴുക്കുമെന്നുറപ്പായി.
'ആവേശം പൊടുന്നനെ': ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളും ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടന്നു എന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ നിശബ്‌ദനായിരുന്ന മുഖ്യമന്ത്രി ഫെബ്രുവരി 17ന് പൊടുന്നനെ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ തിരിയുകയായിരുന്നു. ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും അത് ന്യൂനപക്ഷങ്ങളെ സഹായിക്കാനല്ലെന്നും ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
എന്നാല്‍ ഇതേ ഫേസ്‌ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസിനെയോ ലീഗിനെയോ വിമര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം തനിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ജമാഅത്തെ ഇസ്‌ലാമി വിഷയം കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ തിരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദി ഈ പ്രശ്‌നത്തെ കോണ്‍ഗ്രസിനും ലീഗിനുമെതിരെ തിരിക്കാനുള്ള വേദിയാക്കി. ഈ ചര്‍ച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ കക്ഷിയായ വെല്‍ഫയര്‍ പാര്‍ട്ടി - യുഡിഎഫ് രസതന്ത്രത്തിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കോണ്‍ഗ്രസിന്‍റെ തിരിച്ചറിവ്:കഴിഞ്ഞ ഒന്നുരണ്ട് തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും സഹകരിച്ചത് കണക്കിലെടുത്താണ് സൂത്രത്തില്‍ മുഖ്യമന്ത്രി ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിലിച്ചിട്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യോജിക്കുന്നതിന് അനുകൂല മനസ്ഥിതിയുള്ളവരും ആര്‍എസ്എസ് ചര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇതേ ആരോപണങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ചില സിപിഎം നേതാക്കളും ഏറ്റെടുത്തതോടെ ലക്ഷ്യം ജമാഅത്തെ ഇസ്‌ലാമിയല്ല, തങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. മാത്രമല്ല, ബജറ്റിലെ നികുതി വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്താകമാനം നടത്തുന്ന ശക്തമായ സമരങ്ങളുടെ മുനയൊടിക്കുക എന്ന സംഘടിത സിപിഎം തന്ത്രവും ഇതിനുപിന്നിലുണ്ടെന്ന് അവര്‍ മനസിലാക്കി.