തിരുവനന്തപുരം: രാജ്യത്ത് ഒരു മതം,ഒരു ഭാഷ എന്നിവ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡിഎംകെ രാജ്യസഭ നേതാവ് തിരുച്ചി ശിവ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു തിരുച്ചി ശിവ എംപി. ബിജെപി ഇതര സര്‍ക്കാരുകളുള്ള സ്ഥലങ്ങളിലെല്ലാം അതതു സര്‍ക്കാരിനെ ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനാണ് ശ്രമം.
തമിഴ്‌നാട്ടില്‍ നിയമസഭ പാസാക്കിയ 20 ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. ഇതിനാലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിച്ചത്. ഇത്തരം ഗവര്‍ണര്‍മാരെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതി നടപടി സ്വീകരിക്കണം. ഒരു അധികാരവുമില്ലാത്ത ഗവര്‍ണര്‍ പദവി നമുക്ക് ആവശ്യമുള്ളതല്ല.