തിരുവനന്തപുരം: ടൂറിസ്‌റ്റ് ബസുകളുടെ നിറം വെള്ളയാക്കി മാറ്റുന്നതിന് സാവകാശം ആവശ്യപ്പെട്ട് ബസുടമകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി. വാഹനം രജിസ്റ്റര്‍ ചെയ്‌ത സമയത്തുള്ള നിറം തുടരാന്‍ അനുവദിക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിച്ചു.
തീരുമാനത്തില്‍ മാറ്റമില്ല, നിറംമാറ്റം ഉള്‍പ്പെടെ നടപ്പാക്കും; ബസ് ഉടമകളോട് ഗതാഗത മന്ത്രി വാഹനങ്ങളുടെ നിറം ഒരേ നിറമാക്കുന്നത് ഉടന്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്ന് ഇതിന്‍റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിക്കുകയും ചെയ്‌തിരുന്നു. അടുത്ത ഫിറ്റ്‌നസ് ടെസ്റ്റ് വരെ ഇതിന് ഇളവും നല്‍കി. എന്നാൽ ഈ സാവകാശം ഇന്നലെ(തിങ്കളാഴ്‌ച) ഹൈക്കോടതി തള്ളിക്കളഞ്ഞു.
ഇതോടെയാണ് കര്‍ശനമായി ഇന്ന് മുതല്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ദിവസം കൊണ്ട് കളര്‍കോഡിലേക്ക് മാറണം എന്ന് പറയുന്നത് അപ്രായോഗികമാണെന്നാണ് ബസുടമകളുടെ നിലപാട്. ഇതിലാണ് ബസുടമകള്‍ അനുകൂല നിലപാട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഗതാഗതമന്ത്രി ഈ നിലപാട് തള്ളി.
പ്രഖ്യാപിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി തന്നെ ഇത് നടപ്പിലാക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബസുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടി ആലോചനയിലുണ്ടെന്ന് ബസുടമകള്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഒന്നോ രണ്ടോ ശതമാനം നടത്തുന്ന ചട്ടവിരുദ്ധമായ കാര്യങ്ങള്‍ സർക്കാർ ഉയർത്തി കാണിക്കുകയാണ്. ഉടനെ കളര്‍കോഡിലേക്ക് മാറണം എന്ന് പറയുന്നത് അപ്രായോഗികമാണ്. 7000 ടൂറിസ്റ്റ് ബസുകളാണ് സംസ്ഥാനത്തുള്ളത്.
ഇവയുടെ നിറം വേഗത്തില്‍ മാറ്റാനുള്ള വര്‍ക്ക് ഷോപ്പ് സംവിധാനമില്ല. അപ്രായോഗികമായ കാര്യങ്ങളാണ് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞത്. സ്‌പീഡ് ഗവര്‍ണര്‍ നടപ്പിലാക്കേണ്ട കാര്യമാണ്. വേഗത എല്ലാവര്‍ക്കും ഒരുപോലെയാകണം. സ്വിഫ്‌റ്റ് ബസുകളുടെ വേഗത 90 കിലോമീറ്ററാണ്.
സ്വകാര്യ ടൂറിസ്‌റ്റ് ബസുകള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന 60 കിലോ മീറ്റര്‍ സ്‌പീഡില്‍ നാല് ഗിയര്‍ പോലും ഇടാന്‍ ആകില്ല. ആകെ പകച്ചുനില്‍ക്കുന്ന അവസ്ഥയിലാണ് ഈ വ്യവസായം ചെയ്യുന്നവരെന്നും ബസുടമകള്‍ പ്രതികരിച്ചു.