തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിന് കർമ പദ്ധതി തയാറാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പിന് പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളും തപാൽ വോട്ടും സംബന്ധിച്ച് മാർഗ നിർദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചുള്ള വിശദമായ കർമപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും വോട്ടർമാരും പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡേയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശങ്ങൾക്ക് അനുസൃതമായി എങ്ങനെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താമെന്ന കർമപദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കേണ്ടത്. കൊവിഡ് രോഗികൾക്ക് പിപിഇ കിറ്റ് ധരിച്ച് വന്ന് വോട്ട് ചെയ്യാനും തപാൽ വോട്ട് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. കൊവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് തെരഞ്ഞെടുക്കാം.