കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്തും കോട്ടയത്തും ട്രെയിനില്‍ ടിക്കറ്റ് പരിശോധനയിൽ പിടിയിലായത് 89 പേർ ; കൂടുതലും വിദ്യാർഥികളെന്ന് റെയിൽവേ - തിരുവനന്തപുരം സെന്‍ട്രല്‍ സെക്കന്തരാബാദ് ശബരി

ടിക്കറ്റില്ലാതെയുള്ള യാത്ര പൂര്‍ണമായി അവസാനിപ്പിക്കുന്നതിനിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് റെയിൽവേ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ വളരെ കുറവാണെന്ന് റെയിൽവേ

ട്രെയിനില്‍ ടിക്കറ്റ് പരിശോധന  തിരുവനന്തപുരം സെന്‍ട്രല്‍  തിരുവനന്തപുരം സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷൻ  Trivandrum and Kottayam  Trivandrum central railway station  യുടിഎസ് മൊബൈല്‍ ആപ്പ്  UTS mobile application  തിരുവനന്തപുരം സെന്‍ട്രല്‍ സെക്കന്തരാബാദ് ശബരി  indian railway
തിരുവനന്തപുരത്തും കോട്ടയത്തും ട്രെയിനില്‍ ടിക്കറ്റ് പരിശോധനയിൽ പിടിയിലായത് 89 പേർ

By

Published : May 25, 2023, 8:32 AM IST

തിരുവനന്തപുരം:ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരെ കണ്ടെത്താനായി തിരുവനന്തപുരം സെന്‍ട്രല്‍, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന. പ്രതിദിനം ആയിരക്കണക്കിനു പേര്‍ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന കേരളത്തിലെ പ്രധാന സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രലിലും കോട്ടയത്തും പക്ഷേ റെയില്‍വേ പ്രതീക്ഷിച്ച പോലെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താനായില്ല. പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത ആകെ 89 പേരെ മാത്രമാണ് ഉദ്യോഗസ്ഥർക്ക് പിടികൂടാനായത്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ വളരെ കുറവാണെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ഇതില്‍ പലതും കുറഞ്ഞ ക്ലാസുകളിലേക്കുള്ള ടിക്കറ്റ് എടുത്ത ശേഷം കൂടിയ ക്ലാസുകളില്‍ യാത്ര ചെയ്‌തതിനുള്ള പിഴ കൂടിയാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്‌തവരില്‍ നിന്ന് 30,160 രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്.

റെയിൽവേ ഡിവിഷണല്‍ മാനേജര്‍ എസ്എം ശര്‍മയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. റിസര്‍വേഷനില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്യുന്ന യുടിഎസ് മൊബൈല്‍ ആപ്പ് സംബന്ധിച്ച് യാത്രക്കാര്‍ക്കുള്ള ബോധവത്കരണവും പരിശോധനകളുടെ ഭാഗമായി നടന്നു. തിരുവനന്തപുരം-കോട്ടയം റൂട്ടുകളിലോടുന്ന ആറ് ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍.

തിരുവനന്തപുരം സെന്‍ട്രല്‍-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം-കോട്ടയം മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍, കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, കന്യാകുമാരി-പൂനെ ജങ്‌ഷന്‍ പ്രതിദിന എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, സെക്കന്തരാബാദ് ജങ്‌ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലായിരുന്നു പരിശോധന.

ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ സാധുവായ ടിക്കറ്റ് തന്നെയാണ് കൈവശമുള്ളതെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു. ടിക്കറ്റില്ലാതെയുള്ള യാത്ര പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റില്ലാതെയുള്ള യാത്ര റെയില്‍വേയുടെ വരുമാനത്തെ മാത്രമല്ല, ട്രെയിന്‍ യാത്രക്കാരുടെ മെച്ചമായ അനുഭവത്തെ കൂടി ഇല്ലാതാക്കുന്നതാണെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ഥികളിലാണ് ടിക്കറ്റില്ലാതെയുള്ള യാത്ര കൂടുതല്‍ കണ്ടു വരുന്നത്. സ്‌കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ വീണ്ടും വേണ്ടിവരും. വരും ദിവസങ്ങളിലെ പരിശോധനകളുമായി യാത്രക്കാര്‍ പൂര്‍ണമായി സഹകരിക്കണമെന്ന് റെയില്‍ അഭ്യര്‍ഥിച്ചു.

എന്താണ് യുടിഎസ് മൊബൈല്‍ ആപ്പ്? : ട്രെയിൻ യാത്രക്കിടെ ക്യൂ നിൽക്കാതെ തന്നെ അനായാസം ടിക്കറ്റ് എടുക്കുന്നതിനായി ഇന്ത്യൻ റെയിൽവെ പുറത്തിറക്കിയതാണ് യുടിഎസ് എന്ന മൊബൈൽ ആപ്പ്. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രക്കാരുടെ സീസണ്‍ ടിക്കറ്റും യുടിഎസ് ഓൺ മൊബൈൽ എന്ന ഈ ആപ്പിലൂടെ വേഗത്തിൽ എടുക്കാവുന്നതാണ്. റെയിൽ സ്റ്റേഷനിലെ വലിയ ക്യൂ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാൻ യുടിഎസ് ആപ്പ് സഹായിക്കും.

എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം :സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാന്‍ ചെയ്‌തുകൊണ്ട് പ്രസ്‌തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാന്‍ കഴിയും. നേരത്തെ റെയിൽപാതയില്‍ നിന്നും 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ വന്നാലോ, സ്റ്റേഷനില്‍ എത്തിയ ശേഷമോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ ക്യുആര്‍ കോഡ് സംവിധാനം റെയിൽവേ കൊണ്ടുവന്നത്. യുടിഎസ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.

ABOUT THE AUTHOR

...view details