കേരളം

kerala

ETV Bharat / state

പൊലീസിന്‍റെ തുണ ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം - തുണ ആപ്പ്

കേരള പൊലീസിന്‍റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് മുഖേന മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകും. സേവനങ്ങള്‍ക്ക് പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

kerala police app
പൊലീസിന്‍റെ "തുണ" ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം

By

Published : Nov 30, 2021, 5:17 PM IST

Updated : Sep 23, 2022, 1:09 PM IST

തിരുവനന്തപുരം: കേരള പൊലീസിന്‍റെ 'തുണ' എന്ന നിലവിലുള്ള സര്‍വ്വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് രൂപമാറ്റം വരുത്തി. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകട കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിക്കേണ്ട രേഖകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കാം. ഈ സേവനങ്ങള്‍ക്ക് പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാനും കഴിയും. കൂടാതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ വെബ്‌സൈറ്റ് പരിശോധിച്ച് രാജ്യത്താകമാനമുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് നോണ്‍ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. കേരള പൊലീസിന്‍റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് മുഖേന മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകും.

കേരള പൊലീസിലെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിംസ്റ്റംസ് ഉദ്യോഗസ്ഥര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്‍റെ സഹായത്തോടെയാണ് തുണ പോര്‍ട്ടല്‍ നവീകരിച്ചത്. മൈക്രോ സര്‍വീസ് അധിഷ്ഠിതമായി കണ്ടെയ്‌നര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ച ഈ സംവിധാനം രാജ്യത്തെ പൊലീസ് സേനകളില്‍ ആദ്യമായാണ് ഉപയോഗിക്കുന്നതെന്ന് കേരള പൊലീസ് അവകാശപ്പെട്ടു. നവീകരിച്ച പോര്‍ട്ടലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

Last Updated : Sep 23, 2022, 1:09 PM IST

ABOUT THE AUTHOR

...view details