തിരുവനന്തപുരം: നഗരസഭാ മേഖലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ക്വാറന്‍റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നഗരസഭ തയ്യാറാക്കിയ ആപ്പ് പ്രവർത്തനം തുടങ്ങി. നഗരസഭാ ആരോഗ്യവിഭാഗം നേരിട്ടെത്തിയാണ് നിരീക്ഷണത്തിലുള്ളവരുടെ മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ചാക്ക, പേട്ട വാർഡുകളിൽ ഇതിനായുള്ള പ്രവർത്തനം തുടങ്ങി. മൂന്ന് ദിവസത്തിനകം നഗരസഭയിലെ 100 വാർഡുകളിലും ക്വാറന്‍റൈനിലുള്ളവരെ പൂർണമായും ആപ്പുമായി ബന്ധിപ്പിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. എല്ലാവരുടെയും പേരുവിവരങ്ങൾ ശേഖരിച്ച് ജിയോ ടാഗിങ്ങും ജിയോ ഫെൻസിങ്ങും നടത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്വാറന്‍റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആപ്പുമായി തിരുവനന്തപുരം നഗരസഭ - Corporation app
മൂന്ന് ദിവസത്തിനകം നഗരസഭയിലെ 100 വാർഡുകളിലും ക്വാറന്‍റൈനിലുള്ളവരെ പൂർണമായും ആപ്പുമായി ബന്ധിപ്പിച്ച് നിരീക്ഷണം ശക്തമാക്കും.
ആപ്പിന്‍റെ സഹായത്തോടെ നിരീക്ഷണത്തിലുള്ളവർ താമസിക്കുന്ന പ്രദേശങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി അത്തരം പ്രദേശങ്ങൾ റെഡ് സോണായി രേഖപ്പെടുത്തും. ഈ പ്രദേശങ്ങളിൽ ജനസമ്പർക്കം കുറക്കുന്നതിനാണിത്. നിരീക്ഷണത്തിലുള്ളയാൾ ക്വാറന്‍റൈൻ ലംഘിച്ചാൽ ആ വ്യക്തിയുടെ ചുമതലയുള്ള വളണ്ടിയവർക്ക് വിവരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഓൺലൈൻ ട്രാക്കിങ്ങും ക്രമീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ആപ്പ് വഴി സഹായങ്ങൾ ആവശ്യപ്പെടാം. ഇവർക്കുള്ള ഭക്ഷണം കൃത്യമായി എത്തുന്നുണ്ടോയെന്നും ആപ്പ് വഴി ഉറപ്പുവരുത്താനാകും.