തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വ്യക്തമാക്കി.
അതേസമയം അന്തരിച്ച പിടി തോമസിൻ്റ, ഭാര്യ ഉമ തോമസ് തന്നെയാണ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ അധ്യക്ഷതയിൽ ഇന്ന് (03.04.22) ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തര്‍ക്കങ്ങളില്ലാതെ ഐകകണ്ഠേനയാണ് സ്ഥാനാർഥിയുടെ പേര് തീരുമാനിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നീ നേതാക്കള്‍ പങ്കെടുത്തു. വിജയസാധ്യത മാത്രമായിരുന്നു സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. അങ്ങനെയാണെങ്കില്‍ നാളെ തന്നെ യുഡിഎഫ് പ്രചാരണരംഗത്ത് ഇറങ്ങും.