കേരളം

kerala

ETV Bharat / state

കാർ റിവേഴ്‌സ് എടുക്കുന്നത് കണ്ട് ഹോൺ മുഴക്കി, സ്‌ത്രീയ്‌ക്കും കുടുംബത്തിനും മർദനം; മൂന്ന് പേർ അറസ്റ്റിൽ - കാപ്പ നിയമനടപടി

നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമനടപടിയ്‌ക്ക്‌ വിധേയനായിട്ടുമുള്ള രാജീവ് എന്നയാളെയും സംഘത്തെയുമാണ് കൂടൽ പൊലീസ് പിടികൂടിയത്.

attacking woman and family in pathanamthitta  people arrested for attacking woman  pathanamthitta attack  kaapa act  സ്ത്രീയ്ക്കും കുടുംബത്തിനും മർദനം  പത്തനംതിട്ട ആക്രമണം  പൊലീസിനെ മർദിച്ചു  കൂടൽ പൊലീസ്  കാപ്പ നിയമനടപടി
കാർ റിവേഴ്‌സ് എടുക്കുന്നത് കണ്ട് ഹോൺ മുഴക്കി, സ്ത്രീയ്ക്കും കുടുംബത്തിനും മർദനം; മൂന്ന് പേർ അറസ്റ്റിൽ

By

Published : Sep 26, 2022, 7:04 AM IST

പത്തനംതിട്ട: റിവേഴ്‌സ് ഓടിച്ചുവന്ന കാർ കണ്ട് ഹോൺ അടിച്ചതിൽ പ്രകോപിതരായി സ്ത്രീ ഉൾപ്പെട്ട സംഘത്തെ മർദിച്ചവർ അറസ്റ്റിൽ. കൂടൽ കലഞ്ഞൂർ കൊടുംതറ രാജീവ് ഭവനിൽ രാജീവ് (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ അലൻ സാബു (23) എന്നിവരെയാണ് കൂടൽ പൊലീസ് സാഹസികമായി പിടികൂടിയത്. കൂടൽ മുറിഞ്ഞകൽ സാബ്‌സൺ കോട്ടജിൽ മിനി ജോർജ്, മകൻ അനു ജോർജ്, ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ, ശ്രീനാഥ് എന്നിവർക്കാണ് മർദനമേറ്റത്. അക്രമം നടത്തിയ പ്രതികളെ പിടികൂടാൻ വന്ന പൊലീസുകാർക്കും മർദനമേറ്റിരുന്നു.

ഞായറാഴ്‌ച (സെപ്‌റ്റംബർ 25) ഉച്ചയ്‌ക്ക് ഒന്നരയോടെ ഇടത്തറ ഉദയ ജങ്‌ഷനിലാണ് സംഭവം. പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതുകണ്ട് മിനിയും കുടുംബവും സഞ്ചരിച്ച കാറിന്‍റെ ഹോൺ മുഴക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ ഇറങ്ങിവന്ന് കാറിലുണ്ടായിരുന്നവരെ പിടിച്ചിറക്കി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂടൽ പൊലീസ് സംഘത്തെയും പ്രതികൾ കൈയേറ്റം ചെയ്‌തു. ഫിറോസ്, അരുൺ എന്നീ പൊലീസുദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. വിവരം അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കീഴടക്കിയത്. അടിപിടി, ഗുണ്ട ആക്രമണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജീവ് പൊലീസ് വാഹനത്തിനുള്ളിലും, സ്റ്റേഷനിലും വച്ച് പരാക്രമം കാട്ടി.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം, കുറ്റകരമായ നരഹത്യാശ്രമം തുടങ്ങി 8 കേസുകളിൽ 2011 മുതൽ ഏർപ്പെട്ടുവരുന്നയാളാണ് രാജീവ്. ഇതിൽ ഏഴ് കേസുകളും കുറ്റപത്രം സമർപ്പിച്ച് കോടതി വിചാരണ നടന്നുവരുന്നതുമാണ്. ഇയാൾ കൂടൽ പൊലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ പെട്ടയാളും, കാപ്പ നിയമനടപടിക്ക് വിധേയനായിട്ടുള്ളയാളുമാണ്.

നിരന്തരമായി ക്രിമിനൽ കേസുകളിൽ പ്രതിയായി സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്‌ടിച്ചുവന്ന ഇയാളെ, കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കുന്നത് നിരോധിച്ചുകൊണ്ട് തിരുവനന്തപുരം റേഞ്ച് ഐ ജി 2016 മാർച്ചിൽ ഉത്തരവായിരുന്നു. എന്നാൽ ആ വർഷം സെപ്‌റ്റംബറിൽ ഇടത്തറ പ്ലാവിളയിൽ വീട്ടിൽ അനിൽ സാമുവൽ എന്നയാളെ മർദിച്ചതിന്‍റെ പേരിൽ ഇയാൾക്കെതിരെ കൂടൽ പൊലീസ് കാപ്പ വ്യവസ്ഥയുടെ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്തു നിയമനടപടി സീകരിച്ചിരുന്നു. ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുന്നതിന് കൂടൽ പൊലീസ് ഇൻസ്‌പെക്‌ടർക്ക് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ നിർദേശം നൽകി. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details