തിരുവനന്തപുരം :കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ ഡെപ്യൂട്ടേഷനിലുള്ള മലബാർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാർ, കെഎപി മൂന്നാം ബറ്റാലിയനിലെ അരുൺ അലക്‌സാണ്ടർ, ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ പി.കെ അനീഷ് എന്നിവരാണ് കെഎഎസ് കടമ്പ കടന്നത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ കെഎഎസ് രണ്ടാം സ്ട്രീമിൽ 11-ാം റാങ്കുകാരനാണ്. കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ൽ പൊലീസിൽ ചേർന്നു. തൃശൂരിലെ പൊലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷത്തെ സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ എത്തിയത്.