തിരുവനന്തപുരം:ജപ്‌തി ഭീഷണിയെ തുടർന്ന് കുടുംബം അത്മഹത്യക്ക് ശ്രമിച്ചു. ചെമ്പഴന്തി ശ്യാമളാലയത്തിൽ മനോജിന്‍റെ ഭാര്യ ശാലിനിയും രണ്ടു മക്കളും വയോധികനായ ഭർതൃ പിതാവുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശാലിനി ( 35 ) മക്കളായ കാശിനാഥ് (10), കൈലാസ് നാഥ് (10) , ഭർതൃപിതാവ് ഗോപാലനന്‍ ( 78) എന്നിവർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ജപ്‌തി നടപടികളുമായി ബാങ്ക് അധികൃതർ എത്തിയതോടെയായിരുന്നു ആത്മഹത്യാ ശ്രമം. തുടർന്ന് പോലീസും നാട്ടുകാരും എത്തിയതോടെ ബാങ്ക് അധികൃതർ താൽക്കാലികമായി ജപ്‌തി നടപടി നിർത്തിവെച്ചു. തുടർന്ന് മാർച്ച് എട്ടിന് മുമ്പ് പണം അടച്ചു തീർക്കാൻ അവധി നൽകി മടങ്ങി. സുഹൃത്തുക്കൾ ഒരുക്കിയ ചതിക്കുഴിയിൽ പെട്ട് കിടപ്പാടം പോലും പണയപ്പെടുത്തിയ ഭർത്താവിന് ലക്ഷക്കണക്കിന് രൂപ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ശാലിനി പറഞ്ഞു. തട്ടിപ്പില്‍ അകപ്പെട്ട് ഭർത്താവ് മസ്ക്കറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവർ പറഞ്ഞു.
ജപ്‌തി ഭീഷണി; കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു - Impoundment Threat news
തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ചെമ്പഴന്തി ശ്യാമളാലയത്തിൽ മനോജിന് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉള്ളതെന്ന് ഭാര്യ ശാലിനി
തട്ടിപ്പിനെ കുറച്ച് ശാലിനി പറയുന്നത് ഇങ്ങനെ. 2013-ൽ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന മനോജ് കേരളത്തിലെ ഒരു പ്രമുഖ സിനിമ ടിവി താരത്തിന്‍റെ സഹോദരനെന്ന് അവകാശപെടുന്ന ദീപു നായർ എന്ന ആളിനെ പരിചയപ്പെട്ടു. തുടർന്ന് ഗൾഫിൽ പഴം പച്ചക്കറി കൂട്ടുകച്ചവടം തുടങ്ങുന്നതിനായി മനോജിന്‍റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെൻറ് ഭൂമിയും ദീപു നായരുടെ ഭാര്യ ഐശ്വര്യ രാധാകൃഷ്‌ണന്‍റെ പേരിൽ എഴുതി കൊടുത്തു. കച്ചവട ആവശ്യത്തിനായി കരമനയിൽ ഉള്ള ഐ ഡി ബി ഐയുടെ ബ്രാഞ്ചിൽ നിന്നും 48 ലക്ഷം രൂപ വായ്‌പ എടുക്കാൻ ആണ് ഇങ്ങനെ ചെയ്‌തത്. ഒരു മാസത്തിനകം തിരിച്ചെടുത്തു കൊടുക്കാം എന്ന് പറഞ്ഞാണ് മനോജിനെ കയ്യിൽ നിന്നും വസ്തു വാങ്ങിയത്. ഇക്കാര്യം തട്ടിപ്പ് സംബന്ധിച്ച് മനോജിന്റെ ഭാര്യ കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് മനോജ് ദുബായിൽ നിന്നും ഒമാനിലേക്ക് പോയി. അവിടെയും ദീപു നായരും, ഭാര്യയും ചേർന്ന് സ്പോൺസറായ അറബിയിൽ നിന്നും പത്തു ലക്ഷം രൂപ വാങ്ങി. മനോജിന്‍റെ പാസ്പോർട്ട് പണയം വച്ചാണ് പണം വാങ്ങിയത്. തുടർന്ന് ദീപു നായരും ഭാര്യ ഐശ്വര്യ രാധാകൃഷ്‌ണനും മുങ്ങിയതോടെ സ്പോൺസർ മനോജിനെതിരെ കേസ് കൊടുക്കുകയും മനോജ് ജയിലിൽ പോവുകയും ചെയ്‌തു. ഇപ്പോൾ ജയിൽമോചിതനാണെങ്കിലും ബാധ്യത തീർക്കാതെ നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയിലാണ് മനോജ്. ബാങ്കുകാർ പലവട്ടം ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മനോജിന്‍റെ ഭാര്യയ്ക്ക് നോട്ടീസയച്ചു. അതേസമയം ജപതിയ്ക്കെതിരെ കോടതി സമീപിക്കുമെന്ന് ശാലിനി പറഞ്ഞു.