കേരളം

kerala

NCP Conflicts | 'പാർട്ടി അച്ചടക്കം ലംഘിച്ചു' ; തോമസ് കെ തോമസിനെ എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കി

By

Published : Aug 8, 2023, 1:37 PM IST

പാർട്ടി അംഗങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചു, വ്യാജ പരാതി നൽകി എന്നീ കാരണങ്ങൾക്കാണ് നടപടിയെന്നാണ് പാർട്ടി വിശദീകരണം

Thomas K Thomas  Thomas K Thomas excluded from the NCP  തോമസ് കെ തോമസ്  എൻസിപി  തോമസ് കെ തോമസിനെതിരെ നടപടി  NCP  എ കെ ശശീന്ദ്രൻ  എൻസിപി പ്രവർത്തക സമിതി  റെജി ചെറിയാൻ  തനിക്കെതിരെ വധശ്രമമെന്ന് തോമസ് കെ തോമസ്  തോമസ് കെ തോമസ് എംഎൽഎ
തോമസ് കെ തോമസ്

തിരുവനന്തപുരം :എൻസിപി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച തോമസ് കെ തോമസ് (Thomas K Thomas) എംഎൽഎയ്ക്കതിരെ അച്ചടക്ക നടപടി. തോമസ് കെ തോമസിനെ എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാക്കി. പാർട്ടി അംഗങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയും വ്യാജ പരാതി നൽകിയതിനുമാണ് നടപടിയെന്നാണ് വിശദീകരണം.

എൻസിപി കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം റെജി ചെറിയാൻ തന്നെ കൊല്ലാൻ ശ്രമിച്ചു എന്ന് കാട്ടി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. അതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച തോമസ് കെ തോമസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.

സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്ക് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും തോമസ് കെ തോമസ് പരസ്യ വിമർശനമുന്നയിച്ചു. ഇതിനെതിരെ സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എംഎൽഎയുടേത് കടുത്ത അച്ചടക്ക നടപടി ആണെന്നാണ് സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ധരിപ്പിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് തോമസ് കെ തോമസിനെ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാക്കിയത്. നടപടി വേണമെന്നാവശ്യപ്പെട്ട് പിസി ചാക്കോ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ വിഭാഗവും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടായിരുന്നു.

വധിക്കാൻ പാർട്ടിയിൽ നീക്കമെന്ന് പരാതി : കഴിഞ്ഞ ദിവസമാണ് തന്നെ വധിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നു എന്നാരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക് ദർവേഷ് സാഹിബിന് പരാതി നൽകിയത്. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയായിരുന്നു പരാതി.

ALSO READ :'തന്നെ വധിക്കാൻ പാര്‍ട്ടിയില്‍ നീക്കം'; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എംഎല്‍എ തോമസ് കെ തോമസ്

തന്നെ ഇല്ലാതാക്കുന്നതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് വധ ഗൂഢാലോചനയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും തന്‍റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി നൽകിയ പരാതിയിൽ തോമസ് കെ തോമസ് ആരോപിച്ചിരുന്നു. കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു.

പൊലീസ് അന്വേഷിക്കട്ടെയെന്ന് എകെ ശശീന്ദ്രൻ : അതേസമയം തോമസ് കെ തോമസിന്‍റെ വധശ്രമ പരാതി ഗുരുതരമാണെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്‍റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും സംഭവം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ പാർട്ടിയിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

അതേസമയം വധ ശ്രമത്തെ പാർട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ തോമസിന്‍റെ നിലപാടിനെയും ശശീന്ദ്രൻ വിമർശിച്ചിരുന്നു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയിലില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details