തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഏപ്രില്‍ മാസത്തില്‍ വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. സാമ്പത്തിക പ്രതിസന്ധി ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരും. തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേത് പോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധിതമാകുമെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി; നിയന്ത്രണം വേണമെന്ന് തോമസ് ഐസക്ക് - തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്നും ധനമന്ത്രി
വില്‍പന ഇല്ലാത്തതിനാല്‍ മദ്യം, ലോട്ടറി, വാഹന രജിസ്‌ട്രേഷന്‍ എന്നിവയില്‍ നിന്നും ഏപ്രിലില്‍ എന്തെങ്കിലും വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ നിന്നും ഒന്നും ലഭിക്കാന്‍ സാധ്യതയില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. നല്ല മനസുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്‌താല്‍ മതി. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഇന്നത്തെ സാഹചര്യം വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു.