തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ വില്‍പന സർവകാല റെക്കോർഡിൽ (Thiruvonam bumper sales at all time record). നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതുവരെ 71,23,734 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആകെ 85,00,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം 67,50,000 ടിക്കറ്റുകളാണ് ആകെ പുറത്തിറക്കിയത്. ഇതിൽ 66,55,914 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഇത്തവണ 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആകെ സമ്മാനങ്ങൾ 5,34,670 ആണ്. കഴിഞ്ഞ വർഷം ഇത് 3,97,911 ആയിരുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വില്‍പന നടന്നത്. ഇത്തവണ സമ്മാന ഘടനയിലും മാറ്റമുണ്ട്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി (1 കോടി വീതം 20 പേർക്ക്). മൂന്നാം സമ്മാനം 10 കോടി (50 ലക്ഷം വീതം 20 പേർക്ക്). നാലാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). അഞ്ചാം സമ്മാനം 20 ലക്ഷം (2 ലക്ഷം വീതം 10 പേർക്ക്).
കഴിഞ്ഞ തവണ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു. രണ്ടാം സമ്മാനം 5 കോടി ഒരാൾക്ക്, മൂന്നാം സമ്മാനം 1 കോടി വീതം 10 പേർക്ക്, നാലാം സമ്മാനം അവസാന അഞ്ച് അക്കത്തിന് 1 ലക്ഷം, അഞ്ചാം സമ്മാനം 5000 രൂപ എന്നിങ്ങനെയായിരുന്നു സമ്മാനം. സെപ്റ്റംബർ 20 ബുധനാഴ്‌ചയാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്. തമിഴ്‌നാട് അതിർത്തി മേഖലകളിലും ടിക്കറ്റ് വിൽപ്പന തകർക്കുകയാണ്.