തിരുവനന്തപുരം : ബമ്പർ വിജയിയെ നറുക്കെടുക്കുന്നതിന് മുൻപുതന്നെ സംസ്ഥാന ലോട്ടറി വകുപ്പിന് ബമ്പറടിച്ചിരിക്കുകയാണ്. ഈ വർഷത്തെ തിരുവോണം ബമ്പർ വിൽപനയിലൂടെ ആകെ പ്രിൻ്റ് ചെയ്‌ത 85 ലക്ഷം ടിക്കറ്റുകളിൽ 74,51,446 ടിക്കറ്റുകൾ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 19) വിറ്റുതീർന്നിട്ടുണ്ട്. ലോട്ടറി വകുപ്പിനെ സംബന്ധിച്ച് ഇത് സർവകാല റെക്കോഡാണ്.
അവശേഷിക്കുന്ന 10 ലക്ഷത്തോളം ടിക്കറ്റുകളുടെ മുക്കാൽ ഭാഗവും ഇന്ന് ഉച്ചയ്‌ക്ക് മുൻപായി വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിനെ അപേക്ഷിച്ച് 8,15,506 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകളാണ് പ്രിൻ്റ് ചെയ്‌തത്. ഇതിൽ 66,55,914 ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ടിക്കറ്റ് നിരക്ക് 500 രൂപയാക്കി ഉയർത്തിയിട്ടും ചൂടപ്പത്തേക്കാൾ വേഗതയിലാണ് ഓണം ബമ്പർ വിറ്റുപോകുന്നത്. ടിക്കറ്റ് വിൽപനയിൽ മുന്നിലുള്ളത് പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ്. ഇത്തവണ സമ്മാന ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി (1 കോടി വീതം 20 പേർക്ക്). മൂന്നാം സമ്മാനം 10 കോടി (50 ലക്ഷം വീതം 20 പേർക്ക്). നാലാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). അഞ്ചാം സമ്മാനം 20 ലക്ഷം (2 ലക്ഷം വീതം 10 പേർക്ക്).