തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ തിരുവനന്തപുരം പിടിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് മുന്നണികൾ. തുടർച്ചയായി മൂന്നാം വിജയം തേടുന്ന മുൻമന്ത്രി വി.എസ് ശിവകുമാർ യു.ഡി.എഫിന്‍റെ സ്ഥാനാർഥിയായി ഇറങ്ങുമ്പോൾ എൽ.ഡി.എഫ്, മുൻ എം.എൽ.എ ആന്‍റണി രാജുവിനെയും എൻ.ഡി.എ, ചലച്ചിത്ര താരം കൃഷ്‌ണകുമാറിനെയുമാണ് കളത്തിലിറക്കുന്നത്.
പ്രചാരണ ചൂടിൽ തിരുവനന്തപുരം; വിജയ പ്രതീക്ഷയിൽ സ്ഥാനാർഥികൾ തീരമേഖലയിലെ വോട്ടർമാരാണ് തിരുവനന്തപുരത്തെ നിർണായക ശക്തി. പൂന്തുറ മുതൽ വേളി വരെ കോർപ്പറേഷനിലെ 11തീരദേശ വാർഡുകളാണ് മണ്ഡലത്തിലുള്ളത്. മൂന്നു മുന്നണികളും ഈ വോട്ടു ബാങ്കിലേക്ക് കണ്ണ് വയ്‌ക്കുന്നുമുണ്ട്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിലെ അഴിമതിയാരോപണമാണ് മേഖലയിൽ യു.ഡി.എഫ് പ്രചാരണായുധമാക്കുന്നത്. സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളും എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ പത്തു വർഷത്തെ വികസന പ്രവർത്തനങ്ങളും വിജയത്തിന് വഴിയൊരുക്കുമെന്നാണ് വി.എസ് ശിവകുമാറിന്‍റെ പ്രതീക്ഷ.
തിരുവനന്തപുരം വെസ്‌റ്റ് ആയിരിക്കെ 1996ൽ ഈ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ആന്‍റണി രാജു. കഴിഞ്ഞ തവണ വി.എസ് ശിവകുമാറിനോട് പതിനായിരത്തിലേറെ വോട്ടുകൾക്ക് തോറ്റെങ്കിലും ഇക്കുറി വിജയപ്രതീക്ഷയിലാണ് അദ്ദേഹം. സംസ്ഥാന സർക്കാരിന്‍റെ ജനപ്രിയ ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തിയാകും ജനങ്ങൾ വോട്ടു ചെയ്യുകയെന്നും ഇടത് അനുകൂല തരംഗമാണ് അലയടിക്കുന്നതെന്നും ആന്‍റണി രാജു വ്യക്തമാക്കി.
അതേ സമയം തിരുവനന്തപുരത്ത് ചരിത്രം കുറിക്കാനുള്ള പോരാട്ടത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി കൃഷ്‌ണകുമാർ ജി. 2016ൽ എൻ.ഡി.എയ്ക്ക് വേണ്ടി ക്രിക്കറ്റ് താരം ശ്രീശാന്ത് കളത്തിലിറങ്ങിയപ്പോൾ മൂന്നാം സ്ഥാനത്തായെങ്കിലും ആന്‍റണി രാജുവിനേക്കാൾ 805 വോട്ടിന്‍റെ കുറവ് മാത്രമാണുണ്ടായിരുന്നത്. ഇത് സംഘടനാപരമായ വളർച്ചയായാണ് എൻ.ഡി.എ കണക്കു കൂട്ടുന്നത്. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കാട്ടിയും ന്യൂനപക്ഷങ്ങളെ തങ്ങളോടടുപ്പിക്കാൻ ദേശീയ നേതാക്കളെ വരെ കളത്തിലിറക്കിയുമാണ് എൻ.ഡി.എയുടെ പ്രചാരണം.
കോർപ്പറേഷനിലെ 28 വാർഡുകൾ ചേർന്നതാണ് തിരുവനന്തപുരം നിയോജക മണ്ഡലം. ഇതിൽ 18 വാർഡുകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമാണ് നിന്നത്. എന്നാൽ ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കണക്കു കൂട്ടുന്നില്ല മൂന്നു മുന്നണികളും. അതേ സമയം അവസാന നിമിഷം വരെ നീളുന്ന ശക്തമായ പ്രചാരണത്തിലൂടെ വിജയം പിടിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും.