തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയില്‍ തീരുമാനം വൈകും (Disciplinary action against Aryadan Shoukath). എടുപിടീന്ന് തീരുമാനമുണ്ടാകില്ലെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി ഉള്‍പ്പെടെ 13 ഡിസിസി ഭാരവാഹികള്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ പരാതി നല്‍കിയ സാഹചര്യത്തില്‍ എല്ലാവരെയും വിളിച്ചു വരുത്തി കേള്‍ക്കുമെന്നും ഇന്ന് എത്താന്‍ സാധിക്കാത്തവര്‍ക്ക് 13 ന് അവസരം നല്‍കിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേ സമയം ജില്ലയിലെ 20 പ്രമുഖ നേതാക്കള്‍ തനിക്കൊപ്പമുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് അച്ചടക്ക സമിതിയെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും റാലി പലസ്‌തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരിലായതിനാലും കടുത്ത അച്ചടക്ക നടപടിയിലേക്കു പോകുന്നത് ജില്ലയില്‍ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്ന പൊതു വിലയിരുത്തലിലാണ് കെപിസിസി.
ഈ സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന താക്കീത് നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനാകും അച്ചടക്ക സമിതിയുടെ തീരുമാനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരും അച്ചടക്ക നടപടി ആവശ്യമില്ലെന്ന നിലപാടിലുമാണ്. അതേ സമയം പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിന്‍റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് നിലപാടിലുറച്ചു നില്‍ക്കുകയാണ് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയും മറ്റ് 16 ഭാരവാഹികളും.