തിരുവനന്തപുരം:തീവ്രത കുറയാതെ തലസ്ഥാനത്ത് കൊവിഡ്. തീരമേഖലയ്ക്ക് ഒപ്പം നഗര ഗ്രാമ വ്യത്യാസമില്ലാതെ കൊവിഡ് പിടിമുറുക്കി കഴിഞ്ഞു. സമ്പർക്കത്തിലൂടെ അനുദിനം നൂറുകണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നു മാസത്തിടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 3077 പേർക്ക്. ഇതിൽ 2714 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ നൂറിലേറെപ്പേരുടെ രോഗ ഉറവിടം വ്യക്തമല്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. പുതുക്കുറിച്ചി, പൂന്തുറ, പുല്ലുവിള ,അഞ്ചുതെങ്ങ്, ബീമാപള്ളി എന്നീ അഞ്ച് ലാർജ് നമ്പർ കസ്റ്ററുകൾ ആണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്നത് വൻ വർധനയാണ്. ഈ പ്രദേശങ്ങളുടെ സമീപ മേഖലകളിലേക്കും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കുന്നു. അതേ സമയം ഈ മേഖലയിൽ പരിശോധനകളുടെ എണ്ണം കുറച്ചുവെന്ന ആക്ഷേവും ഉയരുന്നുണ്ട്.
തലസ്ഥാനം അതീവ ജാഗ്രതയില്‍; കൊവിഡ് സ്ഥിതി മാറ്റമില്ലാതെ തുടരുന്നു - thiruvanathapuram covid
തീരമേഖലയ്ക്ക് ഒപ്പം നഗര ഗ്രാമ വ്യത്യാസമില്ലാതെ കൊവിഡ് പിടിമുറുക്കി കഴിഞ്ഞു. സമ്പർക്കത്തിലൂടെ അനുദിനം നൂറുകണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്
നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിൽ 20 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. തൊട്ടടുത്തെ പ്രദേശമായ കരിമഠം കോളനിയിലും രോഗബാധ ഉണ്ടായി. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്കും കൊവിഡ് കണ്ടെത്തിയത് ആശങ്ക വർധിപ്പിക്കുന്നു. രോഗബാധ കുറഞ്ഞ അല്ലെങ്കിൽ ഇല്ലാത്ത മേഖലകളിലെ കൗൺസിലർമാർക്കാണ് രോഗബാധ ഉണ്ടായത് എന്നതും സ്ഥിതി ഗുരുതരമാണ് എന്ന സൂചനയാണ് നൽകുന്നത്. കൊവിഡിനെതിരെ മുന്നിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. 35 പൊലീസുകാർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പടെ നിരവധി ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. അതിർത്തി പ്രദേശമായ പാറശാലയിലും രോഗികളുടെ എണ്ണത്തിൽ കുറവില്ല. പൂവച്ചൽ, വിതുര, വർക്കല തുടങ്ങിയ മേഖലകളിലും സമ്പർക്ക രോഗബാധിതർ ഉണ്ട്. ജില്ലയിൽ 24 ഹോട്ട് സ്പോട്ടുകൾ ആണ് ഉള്ളത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ലോക്ക് ഡൗൺ തുടരുകയാണ്. നഗരസഭയിലെ 12 വാർഡുകൾ കണ്ടയ്ൻമെന്‍റ് സോൺ നിയന്ത്രണങ്ങളിലാണ്. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതേസമയം നിലവിലുള്ള ഫസ്റ്റ് ലൈൻ സെന്‍ററുകളിലെ സൗകര്യങ്ങളെ സംബന്ധിച്ച് വലിയ രീതിയിൽ പരാതികളും ഉയരുന്നുണ്ട്.