തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ (Thiruvananthapuram Zoo) പുതുതായി കൊണ്ടുവന്ന സിംഹങ്ങൾക്കും ഹനുമാൻ കുരങ്ങുകൾക്കും (Gray Langur) പകരമായി രണ്ട് നീർക്കുതിരകളെയും (Hippopotamus) നാല് സ്വാമ്പ് ഡിയറുകളെയും ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് ( Tiriupati Sri Venkateswara Zoo) കൊണ്ടു പോയി. തിരുപ്പതി മൃഗശാലയിൽ നിന്ന് ജീവനക്കാർ എത്തി പ്രത്യേകം സജ്ജമാക്കിയ ലോറികളിൽ മൃഗങ്ങളുമായി സുരക്ഷിതരായി പുറപ്പെട്ടതായാണ് മൃഗശാല അധികൃതർ നൽകുന്ന വിവരം.
ജൂണ്‍ അഞ്ചിനാണ് ആന്ധ്രയിലെ തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട രണ്ട് സിംഹങ്ങളെയും ഹനുമാൻ കുരങ്ങുകളെയും തലസ്ഥാനത്ത് എത്തിച്ചത്. അതേസമയം തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് എത്തിച്ച ഹൈബ്രിഡ് ഇനത്തിൽ പെട്ട സിംഹങ്ങളായ നൈലയെയും ലിയോയെയും ഒരുമിച്ച് ഒരു കൂട്ടിലേക്ക് മാറ്റിയിരുന്നു.
ഒക്‌ടോബര്‍ 19ന് നൈലയെന്ന സിംഹം രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. പക്ഷേ ജനിച്ച സിംഹക്കുട്ടികളിൽ പെണ്‍ സിംഹക്കുട്ടി ജനിച്ച് മണിക്കൂറുകള്‍ക്കകം ചത്തിരുന്നു. പിന്നാലെ അൽപസമയത്തിനകം ആൺ സിംഹക്കുട്ടിയും ചത്തു. നൈല ഗര്‍ഭിണിയായ കാര്യം തിരിച്ചറിഞ്ഞതിന് പിന്നാലെ ജീവനക്കാർ നൈലയെ ലിയോയുടെ കൂട്ടിൽ നിന്ന് മാറ്റി പ്രത്യേകം നിരീക്ഷണത്തിലാക്കിയിരുന്നു.
Also read :Lion Cub Died In Thiruvananthapuram Zoo : തിരുവനന്തപുരം മൃഗശാലയിൽ സിംഹക്കുഞ്ഞുങ്ങളില്‍ ഒരെണ്ണം ചത്തു ; വിയോഗം ജനിച്ച് 12 മണിക്കൂറിനിപ്പുറം
കഴിഞ്ഞ ഏതാനും മാസങ്ങളായി ആണ്‍ സിംഹമായ ലിയോയ്‌ക്കൊപ്പമായിരുന്നു നൈല എന്ന പെൺ സിംഹം താമസിച്ചരുന്നത്. ഗർഭിണിയായതോടെ ഒറ്റയ്ക്ക് ഒരു കൂട്ടിലായി. പ്രത്യേക സ്ഥലത്തേക്ക് മാറ്റിയ നൈലയ്ക്ക് നല്ല പരിചരണം നല്‍കിയിരുന്നു. നൈലയുടെ കൂട്ടില്‍ നിരീക്ഷണ ക്യാമറ അടക്കം സ്ഥാപിച്ചാണ് ജീവനക്കാർ നിരീക്ഷണം നടത്തിയിരുന്നത്.
സാധാരണ ദിവസങ്ങളില്‍ നൈലയ്ക്ക് ആറ് കിലോ ഇറച്ചിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ഇതിന്‍റെ അളവ് വര്‍ധിപ്പിച്ചിരുന്നു. സിംഹക്കുട്ടികൾ ചത്തതിന് പുറമെ ഹിമാലയൻ കരടിക്കുട്ടിയും ചത്തിരുന്നു. നൈലയ്ക്കും ലിയോയ്ക്കും ഹനുമാൻ കുരങ്ങുകൾക്കും പകരമായാണ് നീർക്കുതിരകളെയും നാല് സ്വാമ്പ് ഡിയറുകളെയും തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് കൊണ്ടു പോയത്.
Also read :Monkey escaped | കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട ഹനുമാന്‍ കുരങ്ങിനെ വീണ്ടും കാണാതായി; തെരച്ചില്‍ ഊര്‍ജിതം
നേരത്തെ ഹരിയാന മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങുകളെ എത്തിച്ചിരുന്നു. രണ്ട് കഴുതപ്പുലികളെ ഹരിയാന മൃഗശാലയിലേക്ക് പകരം നൽകി. ഹനുമാൻ കുരങ്ങുകളെ കൊണ്ടുവന്നത് മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ്. എന്നാൽ ക്വാറന്‍റൈനിൽ താമസിപ്പിച്ച കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടെ ഹനുമാൻ കുരങ്ങ് ചാടിപ്പോയത് വലിയ വാർത്തയായിരുന്നു.