തിരുവനന്തപുരം:രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമായത് സിസിടിവി ദൃശ്യങ്ങളിലൂടെ. മരിച്ച ഹർഷാദ് വ്യാഴാഴ്‌ച 12.19 ഓടെ കൂട് വൃത്തിയാക്കി പുറത്തിറങ്ങുന്നതും ഒഴിഞ്ഞ കൂടുകളിലേക്ക് പാമ്പിനെ മാറ്റാതെ വിസർജ്യം നീക്കാൻ പാമ്പുള്ള കൂട്ടിലേക്ക് കൈയിടുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് മൃഗശാല ഡയറക്‌ടർ എസ്. അബു പറഞ്ഞു.
അതേസമയം, അസാമാന്യ ധൈര്യമാണ് ഹർഷാദ് പ്രകടിപ്പിച്ചത്. കടിയേറ്റിട്ടും രാജവെമ്പാല പുറത്തിറങ്ങാത്ത രീതിയിൽ കൂട് അടച്ച് കൊളുത്തിട്ട ശേഷമാണ് ഹർഷാദ് പുറത്തിറങ്ങിയത്. ഹർഷാദ് കൂട് അടയ്ക്കാതെ പുറത്തിറങ്ങിയിരുന്നുവെങ്കിൽ പാമ്പ് പുറത്തേക്ക് വരികയും കൂടുതൽ ആപത്കരമായ സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും മൃഗശാല ഡോക്‌ടർ ജേക്കബ് അലക്‌സാണ്ടർ പറഞ്ഞു. മുമ്പ് ഹർഷാദിന് അനാക്കോണ്ടയുടെ കടിയേറ്റിട്ടുണ്ട്. അനാക്കോണ്ടയ്ക്ക് വിഷമില്ലാത്തതിനാൽ അന്ന് ജീവന് ആപത്തുണ്ടായില്ല.
കൂട്ടിൽ സംഭവിച്ചത്
തിരുവനന്തപുരം മൃഗശാലയിൽ കാർത്തിക്, നീല, നാഗ എന്നീ മൂന്ന് രാജവെമ്പാലകളാണ് ഉള്ളത്. ഇതിൽ മംഗളൂരു പിരികുള ബയോളജിക്കൽ പാർക്കിൽ നിന്ന് കഴിഞ്ഞ മാർച്ച് 18ന് തിരുവനന്തപുരത്തെത്തിച്ച ഏഴ് വയസുകാരൻ കാർത്തിക്കാണ് ഹർഷാദിൻ്റെ ജീവനെടുത്തത്. കൂട് വൃത്തിയാക്കുന്നതിനും ഭക്ഷണം നൽകുന്നതിനും മൃഗശാലയിൽ മികച്ച സംവിധാനമാണുള്ളതെന്നാണ് അധികൃതർ പറയുന്നത്.
ഇതിനായി ചെറുതും വലുതുമായ രണ്ട് കൂടുകളാണ് ഉള്ളത്. കൂട് വൃത്തിയാക്കാൻ ജീവനക്കാർ പ്രധാന കൂട്ടിലേക്ക് കയറുന്നതിന് മുമ്പ് രാജവെമ്പാലകളെ പിന്നിലെ ചെറിയ കൂട്ടിലേക്ക് മാറ്റും. വൃത്തിയാക്കുകയോ ഭക്ഷണം നിക്ഷേപിക്കുകയോ ചെയ്‌ത് പുറത്തിറങ്ങിയ ശേഷം പിന്നിലെ കൂട് തുറന്ന് പാമ്പുകളെ പ്രധാന കൂട്ടിലേക്കും വിടും.