കേരളം

kerala

ETV Bharat / state

തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് ബഗ്ഗി അപകടം ; രണ്ട് പേർക്ക് പരിക്ക്

മൃഗശാല ജീവനക്കാർ താക്കോൽ വാഹനത്തിൽവച്ച് പോയതാണ് അപകട കാരണം. വാഹനത്തിനുള്ളിൽ കളിക്കാൻ കയറിയ കുട്ടികൾ അബദ്ധത്തിൽ താക്കോൽ തിരിച്ചതോടെയാണ് അപകടം ഉണ്ടായത്

By

Published : Apr 24, 2023, 11:17 AM IST

thiruvananthapuram zoo accident  zoo accident  buggy vehicle  buggy vehicle accident  ഇലക്ട്രിക് ബഗ്ഗി വാഹനാപകടം  മൃഗശാലയിൽ വാഹനാപകടം  മൃഗശാല അപകടം  മൃഗശാല അപകടം രണ്ട് പേർക്ക് പരിക്ക്  ഇലക്ട്രിക് ബഗ്ഗി  electric buggy accident
മൃഗശാല

തിരുവനന്തപുരം : മൃഗശാലയിൽ ഇലക്ട്രിക് ബഗ്ഗി വാഹനം അപകടത്തിൽപ്പെട്ട് സന്ദർശകരായ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൃഗശാല ജീവനക്കാർ വാഹനം ഉപയോഗിച്ച ശേഷം താക്കോൽ അതില്‍ തന്നെ വച്ച് പോയതാണ് അപകടത്തിനിടയാക്കിയത്.

ഈ സമയം വാഹനത്തിനുള്ളിൽ കളിക്കാനായി കയറിയ കുട്ടികൾ അബദ്ധത്തിൽ താക്കോൽ തിരിക്കുകയും വാഹനം മുന്നോട്ട് പോയി സന്ദർശകരെ ഇടിക്കുകയുമായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി ഗൗതം എന്നയാൾക്കും സന്ദർശകനായ മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ ഗൗതമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നാണ് ഡോക്‌ടർമാരുടെ നിർദേശം. കല്ലറ സ്വദേശികളായ സന്ദർശകരാണ് വാഹനത്തിൽ കയറി ചിത്രങ്ങളെടുക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് അപകടം നടന്നത്. ജീവനക്കാരുടെ അനാസ്ഥയും ശ്രദ്ധയില്ലായ്‌മയുമാണ് അപകടം വരുത്തിവച്ചത്.

അവധിക്കാലമായതിനാൽ മൃഗശാലയിൽ കുട്ടികളടക്കം സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദർശകർക്കായി കഴിഞ്ഞ 19നാണ് പുതിയ രണ്ട് ഇലക്ട്രിക് ബഗ്ഗികൾ എത്തിച്ചത്. ഇതോടെ ആകെ ബഗ്ഗികളുടെ എണ്ണം അഞ്ചായി. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇലക്ട്രിക് ബഗ്ഗികളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

തിരുപ്പതി മൃഗശാലയിൽ നിന്ന് വിവിധ ഇനങ്ങളെ എത്തിക്കും : കർണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് വിവിധ ഇനങ്ങളിലായി 12 പക്ഷിമൃഗാദികളെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, വെള്ള മയിൽ, യമു, രണ്ട് ജോഡി കാട്ടുകോഴി എന്നിവയാണ് മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ച് കൊണ്ടുവരുന്നതെന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മൃഗങ്ങളുടെ കൈമാറ്റത്തിന് അംഗീകാരം : പുതിയ അതിഥികൾ മെയ് മാസത്തോടെ തിരുവനന്തപുരം മൃഗശാലയിൽ എത്തും. മൃഗങ്ങളുടെ കൈമാറ്റത്തിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് പകരമായി ചില മൃഗങ്ങളെയും നൽകും. നാല് കഴുതപ്പുലികൾ, ഒരു ജോഡി ഹിപ്പൊപൊട്ടാമസ്, മൂന്ന് ജോഡി പന്നി മാനുകൾ, രണ്ട് ജോഡി സാം ബിയറുകൾ എന്നിവയെയാണ് പകരമായി നൽകുന്നത്.

ജൂൺ മാസത്തിൽ ഹരിയാന മൃഗശാലയിൽ നിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ കൂടി എത്തിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം സീബ്ര ഉൾപ്പടെയുള്ള മൃഗങ്ങളെ എത്തിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മൃഗശാലയിൽ മാനുകളും കൃഷ്‌ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചത്ത സംഭവത്തിന്‌ പിന്നാലെ മൃഗശാല ജീവനക്കാരിൽ പരിശോധന നടത്തി. ഇതില്‍ ഒരാൾക്ക് പോലും ക്ഷയരോഗ ബാധ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ സ്‌റ്റഡീസാണ് പരിശോധന നടത്തിയത്. മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള അസുഖം പിടിപെട്ടാൽ അവ മരണപ്പെടും. മാനുകൾക്കും കൃഷ്‌ണമൃഗങ്ങൾക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൃഗശാല ഡയറക്‌ടർ എസ് അബുവിന് കർശന നിർദേശം നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ക്രമീകരണങ്ങൾ ഒരുക്കിയത്. പുതിയ മൃഗങ്ങളെ അടക്കം എത്തിക്കാനുള്ള വലിയ പ്രവർത്തനത്തിലേക്കാണ് സർക്കാരും മൃഗശാല അധികൃതരും കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി മുൻ ഡയറക്‌ടർമാർ അടക്കമുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details