തിരുവനന്തപുരം: സ്‌മാർട്ട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച തമ്പാനൂർ ശ്രീമൂലം റോഡ് യാത്രാ യോഗ്യമല്ലാതായിട്ട് 11 മാസങ്ങൾ പിന്നിട്ടു. പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന് വലിയ മെറ്റലുകൾ നിരത്തി തട്ടിക്കൂട്ട് പണി നടത്തി തടി തപ്പിയിരിക്കുകയാണ് സ്‌മാർട്ട് സിറ്റി അധികൃതർ. കുഴികളും ചെളിയും മൺകൂനകളുമായി യാത്രക്കാരെയും സമീപവാസികളെയും വലയ്‌ക്കുകയാണ് ഈ റോഡ്.
11 മാസങ്ങൾക്ക് മുൻപ് നവീകരണത്തിനായി പൊളിച്ച റോഡിലെ കുഴികൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് അടച്ചത്. മണ്ണിട്ട് നിരപ്പാക്കിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ചു. മഴകൂടി പെയ്‌തതോടെ റോഡിൽ ചെളിയും നിറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാനാവില്ല. വശങ്ങളിലും കുഴിയായതിനാൽ കാൽനട യാത്രയും സാധ്യമല്ല.
മാസങ്ങളോളമായി ഈ റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാരുടെ ജീവിതവും ദുരിതമാണ്. സഞ്ചാര യോഗ്യമല്ലാത്ത റോഡിലൂടെ ആളുകൾ വരാതായതോടെ കച്ചവടക്കാർക്ക് ഭീമമായ നഷ്‌ടമാണ് ഉണ്ടായത്. ഇതിനോടകം പലരും വാടകയ്‌ക്ക് എടുത്ത കടകൾ ഉപേക്ഷിച്ച് മടങ്ങി.