തിരുവനന്തപുരം:സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് കുത്തി പൊളിച്ചതോടെ പ്രതിസന്ധിയിലായി യാത്രക്കാരും വഴിയോര കച്ചവടക്കാരും (Thiruvananthapuram Statue-General hospital road innovation crisis). നീണ്ട 30 വർഷമായി സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിൽ പഴവർഗങ്ങൾ കച്ചവടം നടത്തിവരുകയാണ് ഹൃദ്രോഗിയായ ലളിത. മരുന്നിനും, നിത്യ ചെലവിനുമുള്ള ഏക വരുമാന മാർഗമാണ് റോഡരികിലെ ഈ പഴക്കച്ചവടം. സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം നവീകരണത്തിനായി കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരും സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് കുത്തി പൊളിച്ചതോടെ ലളിതയുടെ വരുമാനമാർഗം അടഞ്ഞിരിക്കുകയാണ്.
ലളിതയുടെ മാത്രമല്ല ഈ റോഡിനിരുവശത്തുമുള്ള ചെറുതും വലുതുമായ നൂറിലേറെ വ്യാപാര സ്ഥാപനങ്ങളുടെയും അവസ്ഥ സമാനമാണ്. സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രി, വഞ്ചിയൂർ, ചാക്ക ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. റോഡിന്‍റെ 500 മീറ്ററോളം ഭാഗമാണ് നവീകരണത്തിനായി കുത്തിപ്പൊളിച്ചിരിക്കുന്നത്.
മഴ പെയ്‌ത് ചെളിക്കുളമായ റോഡിലൂടെ കാൽനട യാത്രയും ഇരുചക്ര വാഹന യാത്രയും ദുഃസ്സഹമാണ്. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്‌ചയാണ്. റോഡ് നവീകരണം ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് വ്യാപാര സ്ഥാപനങ്ങളെയും കച്ചവടക്കാരെയുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്രക്കാരുടെ വരവ് കുറഞ്ഞു. അത് കച്ചവടത്തെയും ബാധിച്ചു.
ലോട്ടറി വിൽപ്പന നടത്തുന്ന രാജുവിന് ആദ്യ ദിനം നഷ്‌ടമായത് 8000 രൂപ: കഴിഞ്ഞ അഞ്ച് വർഷമായി സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിൽ കരിംപാനൽ സ്റ്റാച്യു അവന്യു കെട്ടിടത്തിന് സമീപം ലോട്ടറി വിൽപ്പന നടത്തുന്ന രാജുവിന് റോഡ് കുത്തിപ്പൊളിച്ച ആദ്യ ദിവസം ഉണ്ടായത് 8000 രൂപയുടെ നഷ്‌ടമാണ്. ഇന്ന് ഇതുവരെയും ഒരു കച്ചവടവും നടന്നിട്ടില്ലെന്നും രാജു പറയുന്നു.