തിരുവനന്തപുരത്തെ റോഡിന്‍റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കുമെന്ന് ആന്‍റണി രാജു തിരുവനന്തപുരം: മോഡൽ സ്‌കൂൾ ജങ്‌ഷൻ മുതൽ അരിസ്റ്റോ ജങ്‌ഷൻ വരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണി ജനുവരി നാലിന് മുൻപ് പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ മോഡൽ സ്‌കൂൾ ജങ്‌ഷൻ മുതൽ അരിസ്റ്റോ ജങ്‌ഷൻ വരെയുള്ള റോഡിൽ ഗതാഗത ക്രമീകരണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അരിസ്റ്റോ ജങ്‌ഷനു സമീപത്തെ ഗണപതി ക്ഷേത്രത്തിനു മുന്നിലെ രണ്ട് മാൻഹോൾ തകർന്നിരുന്നു. ഇതു പരിശോധിക്കാൻ എത്തിയപ്പോഴാണ് ജല അതോറിറ്റി സ്വീവേജ് വിഭാഗം അധികൃതർ സമീപത്തെ കുഴി കണ്ടെത്തിയത്. തുടർന്ന് ഇന്നലെ മുതലാണ് റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
ഇന്ന് ഗതാഗത മന്ത്രി നേരിട്ടെത്തി അറ്റകുറ്റപ്പണികൾ വിലയിരുത്തി. ട്രാഫിക് അസിസ്റ്റന്‍റ് കമ്മിഷണർ ഷാജു വി എസും പണി നടക്കുന്ന റോഡ് സന്ദർശിച്ച് ഗതാഗത ക്രമീകരണങ്ങൾ വിലയിരുത്തി. തമ്പാനൂരിൽ ബേക്കറി ഭാഗത്തേക്ക് പോകുന്നതിന് തടസമുണ്ടാകില്ല. എന്നാൽ റോഡിന്‍റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്.
സമീപത്തെ ഹോട്ടൽ ജീവനക്കാർക്കും, മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും യാത്ര തടസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. രാത്രിയും പകലുമായി അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്‌തുമസ്, പുതുവത്സര സമയത്ത് റോഡ് അടച്ചതിൽ പ്രദേശത്തെ വ്യാപാരികൾക്കും ടൂറിസ്‌റ്റ് ഹോം അധികൃതർക്കും പ്രതിഷേധമുണ്ട്.