തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ച് ആരാധനാലയങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിച്ച് ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. ഇളവുകൾ ലഭിച്ച ആരാധനാലയങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ വൈദികർക്കും വിശ്വാസികൾക്കും വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം ഇടയലേഖനം പുറത്തിറക്കിയത്. ജൂൺ എട്ടിന് ദേവാലയങ്ങളും പരിസരങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തശേഷം ഒമ്പത് മുതൽ ആരാധനാലയങ്ങൾ തുറക്കാനാണ് നിർദേശം.
ആരാധനാലയങ്ങളിലെ നിർദേശങ്ങൾ വ്യക്തമാക്കി ലത്തീൻ അതിരൂപത ഇടയലേഖനം പുറത്തിറക്കി - latheen athiroopatha story
സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കൊവിഡ് പ്രതിരോധ നടപടികളോടെ ആരാധനാലയങ്ങൾ ഒമ്പത് മുതൽ തുറക്കാനാണ് നിർദേശം
പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, സാമൂഹ്യ അകലം എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണം. 65 വയസ്സ് കഴിഞ്ഞവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും ദേവാലയത്തിൽ പ്രവേശനമില്ല. ഓരോ ചടങ്ങുകൾക്കും പങ്കെടുക്കേണ്ടവരെ മുൻകൂട്ടി നിശ്ചയിക്കണം. ദേവാലയത്തിൽ എത്തുന്നവരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കണം. എല്ലാ ചടങ്ങുകൾ നടക്കുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കണം. ദേവാലയത്തിൽ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ ഉണ്ടായിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. തിരുകർമ്മങ്ങൾക്കിടയിൽ ആർക്കെങ്കിലും അസുഖം ഉണ്ടായാൽ അവരെ പരിപാലിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും ഗായക സംഘത്തെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇത്തരത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുക എന്ന സന്ദേശമാണ് ലത്തീൻ അതിരൂപതയുടെ ഇടയലേഖനത്തിൽ വ്യക്തമാക്കുന്നത്.