തിരുവനന്തപുരം: നഗരസഭ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ പിടിയിലായ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ നഗരസഭ താത്കാലിക ജീവനക്കാരായ സന്ധ്യ, ബീനകുമാരി, ലാലു, ക്രിസ്റ്റഫർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതി ഒളിവിലാണ്.
തിരുവനന്തപുരം നഗരസഭ കെട്ടിട നമ്പര്‍ തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ സിജെഎം കോടതി തള്ളി - തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മേജസ്ട്രേറ്റ് കോടതി
കെട്ടിട നമ്പര്‍ തട്ടിപ്പ് കേസില്‍ പിടിയിലായ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളുടെ അപേക്ഷയാണ് കോടതി തള്ളിയത്. കേസ് അട്ടിമറിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതിയുടെ നടപടി.
ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്, രണ്ടാം പ്രതിയെ കൊണ്ട് നഗരസഭയിലെ മറ്റ് ജീവനക്കാരുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ, തട്ടിപ്പിൽ മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നിവ അന്വേഷിക്കാന്‍ പ്രതികളുടെ സാന്നിധ്യം ആവശ്യമാണ് എന്നീ കാരണങ്ങളാണ് ജാമ്യം നിഷേധിക്കാനായി പ്രോസിക്യൂഷൻ കോടതിയില്‍ നിരത്തിയത്. ഈ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കും എന്ന നിരീക്ഷണത്തോടെയാണ് പ്രതികളുടെ അപേക്ഷ കോടതി തള്ളിയത്.
തിരുവനന്തപുരം നഗരസഭയുടെ കടകംപള്ളി, ഫോർട്ട് എന്നീ സോണൽ ഓഫീസിലെ താത്കാലിക ജീവനക്കാരാണ് രണ്ടും, മുന്നും പ്രതികൾ. നഗരസഭയുടെ സഞ്ചയ സോഫ്റ്റ് വെയറിൽ അനധികൃതമായി കടന്നു കയറി വ്യാജ കെട്ടിട നമ്പർ നിർമ്മിച്ചു നൽകി തട്ടിപ്പ് നടത്തി എന്നാണ് പൊലീസ് കേസ്. 2022 ജനുവരി 28ന് കേശവദാസപുരം വാർഡിലെ മരപ്പള്ളം സ്വദേശി അജയഘോഷിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വിവരങ്ങൾ ചേർത്ത് റവന്യു ഇൻസ്‌പെക്‌ടറുടെ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.