തിരുവനന്തപുരം : പ്രതിഷേധങ്ങള്‍ക്കിടെ തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗം ഒരു മണിക്കൂറുകൊണ്ട് അലസി പിരിഞ്ഞു (The Thiruvananthapuram Municipal Council meeting ended after an hour). ഡെപ്യൂട്ടി സ്‌പീക്കര്‍ പി കെ രാജു അധ്യക്ഷനായ കൗണ്‍സില്‍ യോഗത്തില്‍ 300 ലധികം അജണ്ടകൾ ചര്‍ച്ച ചെയ്യാതെ പാസാക്കി. യോഗം ആരംഭിച്ചതോടെ തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നില്ലെന്ന പരാതി ബിജെപി ഉന്നയിച്ചു.
എന്നാൽ വെള്ളക്കെട്ടിന്‍റെ സമയത്ത് കൗണ്‍സിലര്‍മാര്‍ വാര്‍ഡുകളില്‍ ആയിരുന്നുവെന്നാണ് ഡെപ്യൂട്ടി മേയര്‍ മറുപടി പറഞ്ഞത്. മഹാരാഷ്ട്ര, ഡല്‍ഹി നഗരങ്ങളിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരമില്ലെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ പി കെ രാജു പറഞ്ഞു. പിന്നാലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് വെള്ളക്കെട്ടിനുള്ള ദുരിതാശ്വാസ തുക ഒരു ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യമുന്നയിച്ചു.
ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി പ്ലക് കാര്‍ഡുകള്‍ ഉയര്‍ത്തി ബഹളം വച്ചുതുടങ്ങുകയായിരുന്നു. ബഹളം തുടരവെ തനിക്ക് മൈക്ക് ഓണാക്കി നൽകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലറായ മേരി പുഷ്‌പം ഡെപ്യുട്ടി മേയറുടെ അടുത്തെത്തി തന്‍റെ പ്രതിഷേധം അറിയിച്ചു. പിന്നാലെ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജിദ നാസര്‍ അജണ്ട മേശപ്പുറത്ത് വയ്ക്കുകയും അവ പാസായതായി ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിക്കുകയും ചെയ്‌ത ശേഷം കൗണ്‍സില്‍ യോഗം പിരിഞ്ഞതായും പ്രഖ്യാപിച്ചു.