തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയയിലുണ്ടായ ഗുരുതര അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി. കാരക്കോണം സ്വദേശി സുരേഷ് കുമാർ എന്നയാളാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയയില്‍ അനാസ്ഥ, രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൃക്ക എത്തിച്ചത് എറണാകുളത്ത് നിന്ന്: എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്‌തിഷ്‌ക മരണം സംഭവിച്ച 34കാരന്‍റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനു പിന്നാലെ അവയവദാനത്തിന് തീരുമാനമെടത്തു. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു.
കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള വൃക്ക അനുയോജ്യരായ രോഗികളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിക്കുകയായിരുന്നു. വൃക്ക എത്തിക്കുന്നതിനായി ഞായറാഴ്‌ച രണ്ട് ഡോക്‌ടര്‍മാരെ എറണാകുളത്തേക്ക് അയക്കുകയും ചെയ്‌തു. സ്വകാര്യ ആംബുലന്‍സിലായിരുന്നു യാത്ര. ശസ്ത്രക്രിയ അടക്കം പൂര്‍ത്തിയാക്കി വൃക്കയുമായി തിരുവനന്തപുരത്തേക്ക് സംഘം യാത്ര തിരിച്ചു. പൊലീസ് ഗ്രീന്‍ ചാനല്‍ അടക്കം ഒരുക്കിയതിനാല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് തന്നെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചു.
മെഡിക്കല്‍ കോളജിലുണ്ടായത് ഗുരുതര വീഴ്‌ച: മൂന്ന് മണിക്കൂര്‍ കൊണ്ട് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ശസ്ത്രക്രിയക്കുള്ള ഒരു ഒരുക്കവും മെഡിക്കല്‍ കോളജില്‍ നടന്നിരുന്നില്ല. വേഗത്തില്‍ അവയവം ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിക്കാനായി സെക്യൂരിറ്റിക്ക് അലര്‍ട്ട് അടക്കം ഒരു നിര്‍ദേശവും നല്‍കിയിരുന്നില്ല. മാത്രമല്ല, എത്തിച്ച വൃക്ക എവിടെ എത്തിക്കണമെന്നതില്‍ പോലും ആശയക്കുഴപ്പമുണ്ടായെന്നാണ് പരാതി.
ആംബുലന്‍സ് ജീവനക്കാര്‍ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനില്‍ എത്തിയെങ്കിലും ഓപ്പറേഷന്‍ എവിടെയാണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. മിനിട്ടുകളുടെ ആശയക്കുഴപ്പത്തിന് ശേഷം ഒന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിക്കാന്‍ നിര്‍ദേശമുണ്ടായി. ഇതുപ്രകാരം ആംബുലന്‍സ് ജീവനക്കാര്‍ പെട്ടിയുമായി എത്തിയെങ്കിലും തിയേറ്റര്‍ അടഞ്ഞ് കിടക്കുകയായിരുന്നു.
മിനിട്ടുകളോളം കാത്തു നിന്ന ശേഷമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും ജീവനക്കാരനെത്തി പെട്ടി ഏറ്റുവാങ്ങിയത്. വിലപ്പെട്ട സമയമാണ് ഈ ആശയക്കുഴപ്പത്തില്‍ നഷ്‌ടമായത്.
വൃക്ക എത്തിച്ചത് 6ന്; ഓപ്പറേഷന്‍ നടന്നത് 9.30ന്:എറണാകുളത്തു നിന്നും മൂന്ന് മണിക്കൂര്‍ മാത്രമെടുത്ത് ആറ് മണിയോടെ തന്നെ വൃക്കയെത്തിച്ചെങ്കിലും ശസ്ത്രക്രിയ തുടങ്ങിയത് 9.30നാണ്. സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് വൃക്ക മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ അനുയോജ്യരായ രോഗികളില്ലാത്തതിനാല്‍ തിരുവനന്തപുരത്ത് യോജിക്കുന്ന രോഗിക്കായി പരിശോധന നടന്നു.
രോഗിയെ കണ്ടെത്തുകയും പരിശോധിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്‌ചയാണ് വരുത്തിയത്. ഉച്ചയോടെ തന്നെ അവയവം സ്വീകരിക്കുന്ന രോഗിയെ നിശ്ചയിച്ചെങ്കിലും ശസ്‌ത്രക്രിയക്കുള്ള ഒരുക്കം തുടങ്ങിയത് വൃക്ക എത്തിയ ശേഷമാണെന്നാണ് ആരോപണം.
ഒരാളില്‍ നിന്നും നീക്കിയ അവയവങ്ങള്‍ എത്രയും വേഗം വച്ച് പിടിപ്പിച്ചാല്‍ മാത്രമേ ഇത് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നിട്ടും ഒരു ജീവന് വില നല്‍കാതെയാണ് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമുണ്ടായതെന്ന് വ്യക്തമാണ്. നാല് മണിക്കൂറോളം വൈകി നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി അവശനിലയിലാകുകയും തിങ്കളാഴ്‌ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ്: അവയവമാറ്റ ശസ്ത്രക്രിയ വൈകിയെന്നതിനെ മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി രോഗിക്ക് ഡയാലിസ് ചെയ്യാനുള്ളതിനാലാണ് ശസ്ത്രക്രിയ വൈകിയത്. രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടില്‍ നിന്നാണ് രോഗിയെത്തിയത്. അതിനാലാണ് താമസമുണ്ടായത്. ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.