തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ തന്നെ അത്യഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് താത്കാലികമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ഒപി ഡീലക്‌സ് പേ വാര്‍ഡിലേക്ക് മാറ്റി.
പുതിയ അത്യാഹിത വിഭാഗം ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. രോഗികളെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും.
35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി.ഡബ്ല്യു.ഡി, എച്ച്.എല്‍.എല്‍ എന്നിവ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും പുതിയ അത്യാഹിത വിഭാഗം യാഥാര്‍ത്ഥ്യമായതോടെ പരിഹാരമാകും.
also read: നവംബര്‍ 21 വരെ രാത്രി ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ സംവിധാനം നിര്‍ത്തിവച്ച് റെയില്‍വേ