കൗതുകമായി ലുലു മാളിലെ പുഷ്‌പമേള തിരുവനന്തപുരം: ഏഴ് ഗ്ലാസ് ജ്യൂസ് വരെ ഒരേസമയം നല്‍കുന്ന സണ്‍ ഡ്രോപ് പഴം. ഒരു തവണ കഴിച്ചാല്‍ മൂന്ന് മണിക്കൂറോളം നാവില്‍ മധുര മുകുളങ്ങള്‍ നിലനിര്‍ത്തുന്ന പ്രമേഹ രോഗികളടക്കം ആവശ്യക്കാര്‍ ഏറെയുള്ള മിറാക്കിള്‍ പഴം. ചെടികള്‍ക്ക് സ്വയം വെള്ളം നനയ്ക്കുന്ന ചെടിച്ചട്ടി. ചുവന്ന ചക്കച്ചുളകള്‍ നല്‍കുന്ന തായ്‌ലന്‍ഡിന്‍റെ ഡാങ് സൂര്യ. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നയന മനോഹാരിതയേകുന്ന കാഴ്‌ചകളുമായി പുഷ്‌പമേളയുടെ രണ്ടാം സീസൺ ലുലു മാളിൽ സംഘടിപ്പിച്ചിരിക്കുന്നു.
അപൂർവ സസ്യങ്ങളുടെയും പുഷ്‌പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ലുലു മാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ഗൗതമി നായരാണ് പുഷ്‌പമേള ഉദ്‌ഘാടനം ചെയ്‌തത്. സണ്‍ ഡ്രോപ് പഴം, മിറാക്കിള്‍ പഴം തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. ഇവയെ കുറിച്ച് കൂടുതൽ അറിയാനും തൈകൾ വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിങ്ങിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, ബിഗോണിയ, ഇസെഡ്-ഇസെഡ്, സ്നേക്ക് പ്ലാന്‍റ് പോലുള്ള വായു ശുദ്ധീകരണ സസ്യങ്ങള്‍, പല വര്‍ണങ്ങളിലുള്ള റോസ്, ഓര്‍ക്കിഡ്, ബോഗന്‍വില്ല അടക്കമുള്ള സസ്യങ്ങളും മേളയിലുണ്ട്. ബ്രസീല്‍, മലേഷ്യ, തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അത്യപൂർവ സസ്യങ്ങളാണ് മേളയെ ആകർഷകമാക്കുന്നത്. ആറ് മാസം കൊണ്ട് കായ്ക്കുന്നതും എല്ലാക്കാലവും ഫലവും തരുന്നതുമായ ആയുര്‍ ജാക് പ്ലാവ്, തായ്‌ലന്‍ഡ് മാവ്, ചുവന്ന ചക്കച്ചുളകള്‍ നല്‍കുന്ന തായ്‌ലന്‍ഡിന്‍റെ ഡാങ് സൂര്യ, കുരുവോ പശയോ ഇല്ലാത്ത ചക്ക നല്‍കുന്ന പ്ലാവിന്‍റെ തൈ എന്നിവ മേളയെ വ്യത്യസ്‌തമാക്കുന്നു.
അപൂർവ സസ്യങ്ങൾക്ക് പുറമെ വളർത്തുമൃഗങ്ങളുടെ പ്രദർശനവും മേളയിലുണ്ട്. ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും പെറ്റ്സ് ആക്‌സസറീസും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ഇവയ്ക്ക് പുറമെ ചെടികള്‍ സ്വയം നനച്ച് പരിപാലിയ്ക്കുന്ന സെല്‍ഫ് വാട്ടറിങ് ചെടിച്ചട്ടികൾ ഗാര്‍ഡനിങ് ഉപകരണങ്ങൾ എന്നിവ വാങ്ങാനുള്ള വിപുലമായ സൗകര്യവും മേളയിലുണ്ട്. ഇന്ന് അവസാനിക്കുന്ന മേളയിൽ സസ്യങ്ങൾ വാങ്ങാനും അവയെ പരിചയപ്പെടാനും എത്തുന്നവരുടെ എണ്ണവും ചെറുതല്ല.