കേരളം

kerala

By

Published : Dec 15, 2020, 7:41 PM IST

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണിയും പിടിച്ചെടുക്കാന്‍ യുഡിഎഫും ബിജെപിയും

തദ്ദേശ തെരഞ്ഞെടുപ്പ്  തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത  തിരുവനന്തപുരം കോര്‍പ്പറേഷന്‍  ത്രികോണ മത്സരം  local body election  thiruvananthapuram local body election
തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ നാല്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ഇടത്‌ മുന്നണിയാണ് ഭരിക്കുന്നത്. 2015 ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈയോടെയാണ് ഈ നാലിടത്തും ഇടതുപക്ഷം വിജയിച്ചത്. 31വാര്‍ഡുകളുള്ള ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 22 സീറ്റുകളിലും ഇടതുപക്ഷം വിജയിച്ചപ്പോള്‍ യുഡിഎഫ് അഞ്ച് സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലുമായി ഒതുങ്ങി. 15 വര്‍ഷമായി ഇടതുമുന്നണി തന്നെയാണ് ആറ്റിങ്ങള്‍ ഭരിക്കുന്നത്. 2010 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ 17 വാര്‍ഡുകളിലും യുഡിഎഫ്‌ 13 വാര്‍ഡുകളിലുമാണ് വിജയിച്ചത്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. സംസ്ഥാന സര്‍ക്കാറിന്‍റെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇടതുമുന്നണി പ്രചാരണത്തില്‍ ശക്തമാക്കുന്നത്.എന്നാല്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്ന വിവാദങ്ങളില്‍ ആശങ്കയുമുണ്ട്.

മുന്നണിക്കുള്ളിലെ പടലപിണക്കങ്ങളില്‍പെട്ടാണ് ആറ്റിങ്ങലില്‍ കഴിഞ്ഞ തവണ യുഡിഎഫ് പിന്നിലായത്. എന്നാല്‍ ഇത്തവണ കാര്യമായ പ്രശ്‌നങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ആറ്റിങ്ങലില്‍ ലോക്‌സഭ സീറ്റ് പിടിച്ചെടുക്കാനായതും യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷ. ഹാട്രിക് ഉറപ്പിക്കാന്‍ ഇടതുമുന്നണിയും ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫും കരുത്ത് കാണിക്കാന്‍ ബിജെപിയും പ്രാദേശിക വിഷയങ്ങളുയര്‍ത്തി നടത്തിയത് ശക്തമായ പ്രചാരണം തന്നെയായിരുന്നു.

എന്നാല്‍ ആറ്റിങ്ങലില്‍ നിന്നും വ്യത്യസ്‌തമായി ഇടത്-വലത് മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് വര്‍ക്കല നഗരസഭയിലെ വോട്ടര്‍മാര്‍ക്കുള്ളത്. 2015ല്‍ 33 വാര്‍ഡുകളില്‍ 18 എണ്ണത്തില്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. യുഡിഎഫ്‌ 11, ബിജെപി മൂന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. 2010ല്‍ 20 സീറ്റുകള്‍ നേടി അധികാരത്തിലേറിയ യുഡിഎഫിനാണ് ഭരണം നഷ്ടമായത്. ബിജെപിയും ഓരോ തെരഞ്ഞെടുപ്പിലും നില മെച്ചപെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2010ല്‍ ഒരു സീറ്റുമാത്രമുണ്ടായിരുന്ന ബിജിപി 2015 ല്‍ അത് മൂന്നായി ഉയര്‍ത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 വാര്‍ഡുകളില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു. ഇത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും. ശക്തമായ ത്രികോണ മത്സരം നടക്കുന്നതുകൊണ്ടുതന്നെ വര്‍ക്കലയിലെ ഫലം പ്രവചനാതീതമാണ്.

25 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് നെടുമങ്ങാട്. 39 വാര്‍ഡുകളില്‍ നിലവില്‍ 22 വാര്‍ഡുകളില്‍ എല്‍ഡിഎഫും 13 വാര്‍ഡുകളില്‍ യുഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും ഒരു വാര്‍ഡില്‍ സ്വതന്ത്രനുമാണ് ഭരിക്കുന്നത്. 2010 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 19 സീറ്റുകളും യുഡിഎഫിന് 15 സീറ്റുകളുമാണ് ലഭിച്ചത്. മൂന്നിടത്ത് സ്വതന്ത്രരും ജയിച്ചു. ഭരണത്തുടര്‍ച്ചയ്ക്ക് യാതൊരു വെല്ലുവിളിയുമില്ലെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ ശക്തമായ പ്രകടനം നടത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫും ബിജെപിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് യുഡിഎഫിനും ബിജെപിക്കും ഈ ആത്മവിശ്വാസം നല്‍കുന്നത്. ഭരണത്തിന്‍റെ ചരിത്രം നോക്കിയാല്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. 1979 മുതല്‍ ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ 2010ല്‍ മാത്രമാണ് ഇടതുമുന്നണിക്ക് നെയ്യാറ്റിന്‍കരയുടെ ഭരണം നഷ്ടമായത്. 2010 ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ യുഡിഎഫും 20 സീറ്റുകള്‍ എല്‍ഡിഎഫും നേടി. നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണത്തിലേറിയത്. 2015ല്‍ 44 വാര്‍ഡുകളില്‍ 22 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബലുകളും യുഡിഎഫിന്‍റെ പരാജയത്തിന് കാരണമായിട്ടുണ്ട്. അഞ്ച് കോണ്‍ഗ്രസ് റിബലുകളാണ് കഴിഞ്ഞ തവണ വിജയിച്ചത്. അതുകൊണ്ട് തന്നെ 12 സീറ്റുകളിലായി യുഡിഎഫ് ഒതുങ്ങി. ബിജെപിക്ക് അഞ്ച്‌ സീറ്റുകളും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ആര്‍ക്കും അനായാസമല്ല. കടുത്ത ത്രികോണ മത്സരമാണ് എല്ലാ വാര്‍ഡുകളില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ. ഭരണ വിരുദ്ധ വികാരത്തില്‍ യുഡിഎഫും പ്രതീക്ഷ വയ്ക്കുന്നു. ബിജെപിയാകട്ടെ വോട്ട് ശതമാനം വര്‍ഷാ വര്‍ഷം വര്‍ധിക്കുന്നതിലും പ്രതീക്ഷ വയ്ക്കുന്നു.

ABOUT THE AUTHOR

...view details