തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇന്ന് (18.09.2022) വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ മദ്യവില്‍പനശാലകൾ അടച്ചിടുക. ഇത് സംബന്ധിച്ച് ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജാണ് അറിയിപ്പ് നൽകിയത്.
സംഘര്‍ഷ സാധ്യത: തിരുവനന്തപുരത്ത് ഇന്ന് 'ഡ്രൈ ഡേ'
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള മദ്യശാലകൾ അടച്ചിടും
വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ക്രൈസ്‌തവ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് (18.09.2022) നടക്കുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നും അറിയിപ്പിലുണ്ട്. അതേസമയം വിഴിഞ്ഞം തുറമുഖ സമരം 62 ദിവസം പിന്നിടുന്നതിനിടെ സമരത്തിന്‍റെ രൂപവും ഭാവവും മാറ്റാനൊരുങ്ങിയാണ് ക്രൈസ്‌തവ സംഘടനകളുടെ ജനബോധന യാത്ര.
സമരത്തിന് പിന്തുണയുമായി മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധന യാത്ര ഇന്ന് ജില്ലയിലെത്തും. തുടര്‍ന്ന് തീരമേഖലകളിലൂടെ പര്യടനം നടത്തി ഉച്ചയ്‌ക്ക് 2.30ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കുന്ന യാത്ര കാല്‍ ലക്ഷത്തോളം തീരവാസികളെ അണിനിരത്തി വിഴിഞ്ഞം തുറമുഖ കവാടത്തിലെത്തും. ഇവിടെ സമരത്തെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിസംബോധന ചെയ്യും. അതേസമയം സെപ്‌റ്റംബര്‍ 21ന് കൊച്ചി തുറമുഖം കേന്ദ്രീകരിച്ചും സമരം നടത്താന്‍ സമരസമിതിയുടെ ആലോചനയിലുണ്ട്.