തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ നാളെ പിടിഎ യോഗം വിളിക്കാൻ തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ ഉപരോധിച്ചതിനെ തുടർന്ന് ഉണ്ടായ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനും ക്ലാസുകൾ പുനരാരംഭിക്കാനും വിളിച്ചുചേർത്ത അധ്യാപക യോഗത്തിലാണ് തീരുമാനം. കോളജിലുണ്ടായ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തു എന്നാരോപിച്ചാണ് ഇന്നലെ രാത്രി മുതൽ എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ ഉപരോധിച്ചത്.
ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കാമ്പസിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം ഉണ്ടായത്. തുടർന്ന് എസ്എഫ്ഐ അംഗങ്ങളായ 24 വിദ്യാർഥികളെ അന്വേഷണ വിധേയമായി പ്രിൻസിപ്പാൾ സസ്‌പെൻഡ് ചെയ്‌തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് നടപടിയെടുത്തതെന്നും കെഎസ്‌യുവിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ചവരെ ആണ് സസ്‌പെൻഡ് ചെയ്‌തതെന്നും പ്രിൻസിപ്പാൾ അറിയിച്ചു.