തിരുവനന്തപുരം:തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ നിയമസഭ മണ്ഡലങ്ങളിൽ ഒന്നായ കഴക്കൂട്ടം ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി വേദിയാകുന്നത്. നിലവിലെ എംഎൽഎയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ, എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥി ഡോക്‌ടർ എസ്.എസ്. ലാൽ എന്നിവരുടെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസം പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കഴക്കൂട്ടം. തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് കോൺഗ്രസ് എസ്.എസ്. ലാലിനെ രംഗത്തിറക്കിയത്. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വി. മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതിന്‍റെ ആത്മവിശ്വാസമാണ് ബിജെപിയുടെ അടിത്തറ. അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശോഭാ സുരേന്ദ്രൻ എത്തിയതോടെ മത്സരം ശക്തമായിരിക്കുകയാണ്.
കഴക്കൂട്ടത്ത് ത്രികോണപ്പോര് ; പ്രതീക്ഷയിൽ മുന്നണികൾ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥി ഡോക്‌ടർ എസ്.എസ്. ലാൽ എന്നിവരുടെ പ്രചാരണം അവസാന ലാപ്പില്‍.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 50,079 വോട്ടുകളുമായാണ് കടകംപള്ളി നിയമസഭയിലെത്തിയത്. ബിജെപി സ്ഥാനാർഥി വി. മുരളീധരൻ 42,732 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് നേതാവ് എം.എ. വാഹിദിന് 38,602 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചതും ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് ചെയ്തതും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ വന്ന സാഹഹചര്യവുമായതിനാല്‍ വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തിലേത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കുമെന്ന് എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പറയുന്നു. വിശ്വാസികൾ ഒന്നടങ്കം കക്ഷിരാഷ്ട്രീയ ഭേദമന്യേ തനിക്കൊപ്പം നിൽക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കഴക്കൂട്ടത്ത് 100 പേർക്ക് തൊഴിൽ നൽകുന്ന ഒരു പദ്ധതി പോലും കടകംപള്ളി നടപ്പാക്കിയിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതേസമയം എൻഡിഎ സ്ഥാനാർഥി മണ്ഡലത്തിൽ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. രാഷ്ട്രീയ വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ല. ജനങ്ങൾക്ക് തന്നെ അറിയാം എന്നും അദ്ദേഹം പറഞ്ഞു. വികസനം പറഞ്ഞാണ് യുഡിഎഫ് സ്ഥാനാർഥി എസ്.എസ്. ലാലിന്‍റെ പ്രചാരണം. വിജയിച്ചാല്‍ കഴക്കൂട്ടത്ത് ആരോഗ്യ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.