തിരുവനന്തപുരം:കോൺഗ്രസിനെ പ്രതിസന്ധിയിലെത്തിച്ച പുനഃസംഘടന - ഗ്രൂപ്പ് വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരനും ഇന്ന് (04.03.22) കൂടിക്കാഴ്‌ച നടത്തും. ഇന്നോ നാളെയോ ഡി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാനിരിക്കെ, ഉച്ചയോടെ ഇന്ദിരാഭവനില്‍ വെച്ചാണ് കൂടിക്കാഴ്‌ച. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉയർത്തിയ എതിർപ്പുകൾക്കിടെ പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
എം.പിമാരും എതിർപ്പുയർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃസംഘടന നടപടികൾ നിർത്തിവെച്ചത്. ഇതോടെ പദവിയിൽ കടിച്ചു തൂങ്ങാനില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ച് കെ സുധാകരൻ ശക്തമായ പ്രതിഷേധമുയർത്തി. വി.ഡി സതീശൻ്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് പാർട്ടിയിൽ ഉയർന്നുവരുന്നുവെന്ന പ്രചാരണമുണ്ടായി.