തിരുവനന്തപുരം : ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി (Thiruvananthapuram International Airport). ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം - ഷാർജ റൂട്ടിൽ (Thiruvananthapuram - Sharjah route) യാത്ര ചെയ്യുന്നതെന്ന് ഡിജിസിഎ (Directorate General of Civil Aviation - DGCA) കണക്ക് പറയുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ - തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. രണ്ടാം സ്ഥാനത്ത് കൊച്ചിയും (88,689) മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ് (77,859) (most passengers chosen Airport).
ശരാശരി എടിഎമ്മുകൾ (എയർ ട്രാഫിക് മൂവ്മെന്‍റ്) 240. എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകളും എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും ഈ റൂട്ടിൽ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്‌ടിവിറ്റിയുമാണ് തിരുവനന്തപുരം - ഷാർജ റൂട്ടിനെ ജനപ്രിയമാക്കുന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.