തിരുവനന്തപുരം:കുരുന്നുകൾക്ക് വ്യത്യസ്ഥമായ പഠനമുറി ഒരുക്കി ശ്രദ്ധേയമാവുകയാണ് നെടുമങ്ങാട് മുത്താംകോണത്ത് പ്രവർത്തനം ആരംഭിച്ച ഹൈടെക് അങ്കണവാടി. കൊവിഡ് തീർത്ത ആശങ്കകൾ ഒഴിഞ്ഞുതുടങ്ങുമ്പോൾ അങ്കണവാടികളിലേക്കെത്തുന്ന കുരുന്നുകളെ ആകർഷിക്കാൻ വ്യത്യസ്‌തമായ രീതിയിലാണ് ഇവിടെ പഠനമുറിയും വിവിധതരം കളികോപ്പുകളും സജ്ജമാക്കിയിരിക്കുന്നത്. ചിത്രകാരന്‍റെ വിരലുകളിൽ നിന്നും വിടർന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളും അങ്കണവാടിയുടെ ചുമരുകൾക്ക് മാറ്റ് കൂട്ടുന്നു.
ചായം പദ്ധതി പ്രകാരം നെടുമങ്ങാട് മൂത്താംകോണം അങ്കണവാടിയിലെ രണ്ടാമത്തെ നിലയിൽ ആരംഭിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ നിർവഹിച്ചു. സംസ്ഥാന സർക്കാരും ശിശുവികസന സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന ചായം പദ്ധതി പ്രകാരം നഗരസഭയിലെ ആദ്യത്തെ അങ്കണവാടിയാണിത്. പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈടെക് അങ്കണവാടികൾ ആരംഭിക്കുന്നത്.