തിരുവനന്തപുരം : ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന് കൊട്ടിഘോഷിക്കുന്ന സമയത്തും തിരുവനന്തപുരം ജനറല്‍ ഹോസ്‌പിറ്റലും പരിസരവും കടന്ന് പോകുന്നത് ദുസഹമായ അവസ്ഥയിലൂടെയെന്ന് വെളിവാക്കുന്ന ദൃശ്യങ്ങളുമായി ഇടിവി ഭാരത്. ആശുപത്രിയുടെ ശുചിത്വവും സൗകര്യങ്ങളും സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ കണ്ണുകള്‍ ഇവിടെ എത്തിയിട്ടില്ല എന്നതിന്‍റെ തെളിവാണ് ഈ കാഴ്‌ചകള്‍.
പുറമെ ഭംഗിയുള്ള ചുവര്‍ ചിത്രങ്ങളും മനോഹരമായ മതിലുകളും, അകത്തു എത്തിയാല്‍ ദുരിത ലോകം. വെളിച്ചമില്ലാത്തതും വൃത്തിഹീനവുമായ ശൗചാലയങ്ങള്‍, മരകഷണം കുത്തി നിറച്ച പൈപ്പ് കണക്ഷന്‍, അടച്ച് വെക്കാത്ത വേസ്റ്റ് പൈപ്പുകള്‍, ഇതാണ് ജനറല്‍ ആശുപത്രിയുടെ പരിസരം. പകര്‍ച്ച വ്യാധികളടക്കം മാരക രോഗങ്ങളുള്ളവര്‍ വരെ എത്തുന്ന ആശുപത്രിയില്‍ രോഗങ്ങള്‍ മാറുന്നതിനു പകരം പുതിയ രോഗം പകരുമോ എന്ന ആശങ്കയാണ് രോഗികള്‍ക്ക്.
ആശുപത്രിയുടെ ലാബിന് സമീപമുള്ള ടോയ്‌ലറ്റിലെ അവസ്ഥയാണ് ഏറെ ദുസഹം. ദിനം പ്രതി ആയിരത്തോളം രോഗികളാണ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നത്. ഇടവിട്ട് മഴ പെയ്യുന്ന കാലമായതിനാലും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതിനാലും രോഗികളുടെ എണ്ണം ഇപ്പോള്‍ കൂടുതലുമാണ്. ഇവര്‍ക്ക് ആകെ നാല് ടോയ്‌ലറ്റുകള്‍ മാത്രം. മൂന്നെണ്ണം പുരുഷന്‍മാര്‍ക്ക് ഒരെണ്ണം സ്ത്രീകള്‍ക്ക്. നാലും ശുചിത്വത്തില്‍ ഒന്നിനൊന്നു പിന്നില്‍. മതിയായ വെളിച്ചമില്ല, വെള്ളത്തിന് സൗകര്യവുമില്ല.
പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന ബോര്‍ഡ് എഴുതിവെച്ച ഈ ആശുപത്രിയുടെ പിന്‍ഭാഗത്തേക്ക് പോയാല്‍ കത്തിക്കാന്‍ കൂട്ടിയിട്ടതില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും കാണാം. മാലിന്യം പോകുന്ന ഓടകളില്‍ പുല്ലു നിറഞ്ഞ് ഒഴുക്കു തടസപ്പെട്ട നിലയില്‍. ജനറല്‍ വാര്‍ഡിന് സമീപമുള്ള ഓടകളുടെ അവസ്ഥയും ഇതൊക്കെ തന്നെ.