തിരുവനന്തപുരം:കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് വിഷയത്തിൽ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് 3 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. എന്താണ് നടന്നതെന്ന് പരിശോധിക്കും.
മന്ത്രി വി.ശിവന്‍കുട്ടി സംസാരിക്കുന്നു റാഗിങ്ങുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ രേഖാമൂലമുള്ള ഒരു പരാതി പോലും തനിക്കോ വിദ്യാഭാസ ഉദ്യോഗസ്ഥന്മാർക്കോ ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ്ങിനെതിരെ നടപടി നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി.
തങ്ങളെ അനുസരിച്ചില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. മുതിർന്ന വിദ്യാർഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്ലസ്‌വണ്‍ പ്രവേശനം: അതേസമയം പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് വൈകീട്ട് (25-07-2022) വൈകിട്ട് അവസാനിക്കും. ഇതിനു ശേഷം അടുത്ത ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നീട്ടിയത്. ജൂലൈ18നായിരുന്നു പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. എന്നാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം വൈകിയ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.