തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വെള്ളിയാഴ്‌ച നടത്തുമെന്ന് പ്രഖ്യാപിച്ച മാലിന്യ നീക്കത്തിന്‍റെ ഉദ്ഘാടനം അലസി. 10 മണിക്ക് ഉദ്ഘാടനത്തിന് എത്തുമെന്നറിയിച്ച മേയർ ആര്യ രാജേന്ദ്രനെ മാധ്യമ പ്രവർത്തകർ രണ്ടര മണിക്കൂറിലേറെ കാത്ത് നിന്നെങ്കിലും മേയർ എത്തിയില്ല. പണി തുടങ്ങാൻ വൈകിയതോടെ കോർപ്പറേഷൻ എക്‌സിക്യുട്ടിവ് എൻജിനീയറും സ്ഥലം വിട്ടു. തൊട്ടുപിന്നാലെ കനത്ത മഴ കൂടി എത്തിയതോടെ ഉദ്ഘാടനം കുളമായി.
Also Read:ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം
റെയിൽവേയുമായുള്ള അധികാര പരിധി തർക്കത്തിനു പിന്നാലെ, നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായാണ് മാലിന്യ നീക്കം ചെയ്യാന്‍ തീരുമാനിച്ചത് . കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തമ്പാനൂർ പതിവുപോലെ വെള്ളത്തിനടിയിലായിരുന്നു. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിലും ട്രാക്കിലും വെള്ളം കയറി. റെയിൽവേ അധികൃതർ ഇടപ്പെട് വെള്ളം കോരി മാറ്റിയ ശേഷമാണ് പ്രവർത്തനം തുടരാനായത്. ഇതോടെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യാത്തതിനാലാണ് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നും ഇത് നീക്കം ചെയ്യേണ്ടത് കോർപ്പറേഷന്‍റെ ചുമതലയാണെന്നും ചൂണ്ടിക്കാട്ടി റെയിൽവേ രംഗത്തെത്തി. മറുപടിയായി ഓട റെയിൽവേയുടെ സ്ഥലത്താണെന്നും മാലിന്യനീക്കം റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും മേയറും ചൂണ്ടിക്കാട്ടി. അതേസമയം വെള്ളക്കെട്ട് ഭീഷണിയുടെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ തന്നെ മാലിന്യ നീക്കം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
Also Read:സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തമ്പാനൂരിൽ നിന്ന് റെയിൽവേ ട്രാക്കിനടിയിലൂടെ കിഴക്കേക്കോട്ട ഭാഗത്തേക്കു നീങ്ങുന്ന ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തത് തമ്പാനൂരിലെ വെള്ളക്കെട്ടിന് പ്രധാനകാരണമാണ്. ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്‌ത് വെള്ളം ഒഴുകിപ്പോകാനുള്ള തടസം നീക്കാനാണ് ശ്രമം.