തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനം വീണ്ടും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരുവുനായ ആക്രമണത്തിനിരയാകുമ്പോള്‍ തെരുവുനായകളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ തിരുവനന്തപുരം നഗരസഭ ആരംഭിച്ച പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇതുവരെ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയത് 4970 തെരുവുനായകള്‍ക്ക് മാത്രമാണ്. അതേസമയം മൊത്തം പതിനായിരത്തിലധികം തെരുവുനായകള്‍ നഗരത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഏറെ കൊട്ടിഘോഷിച്ച പദ്ധതി ഇങ്ങനെ: മാര്‍ച്ചിലായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തെരുവുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. ഇതിന് മുന്‍പ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പേവിഷ പ്രതിരോധ കുത്തിവയ്പ്പും തെരുവുനായകളുടെ പുനരധിവാസവും ലക്ഷ്യമിട്ട് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. തെരുവുനായകളുടെ ആക്രമണമേറ്റവര്‍ക്കും പൊതുജനങ്ങള്‍ക്കും നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാനുള്ള ബോധവത്കരണ ക്ലാസ് ഉള്‍പ്പെടെയായിരുന്നു പദ്ധതി വിഭാവനം ചെയ്‌തിരുന്നത്.
സര്‍വേ നടന്നു, പിന്നെ ഇഴഞ്ഞു: ജനുവരി 26 നായിരുന്നു ഇതിനായി നഗരസഭയിലെ വാര്‍ഡുകള്‍ തരംതിരിച്ച് തെരുവുനായ സെന്‍സസ് ആരംഭിച്ചത്. സ്വതന്ത്ര എന്‍.ജി.ഒയായ 'കാവ'യുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. വേള്‍ഡ് വെറ്ററിനറി സര്‍വീസ് ഒരുക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു സര്‍വേ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട വോളന്‍റിയര്‍മാരാണ് സര്‍വേ നടത്തിയത്. മൂന്ന് ഘട്ടമായി നടത്തിയ സര്‍വേയില്‍ തെരുവുനായകളുടെ ആരോഗ്യസ്ഥിതി, ലിംഗം എന്നിവ ചിത്രം സഹിതം മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തി.
ഇതിന് ശേഷം നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പതിനായിരത്തിലധികം തെരുവുനായകള്‍ നഗരത്തിലുള്ളതായി മനസിലാക്കുന്നത്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെ ആരംഭിക്കാനിരുന്നത്. എന്നാല്‍ സന്നദ്ധ സംഘടനകള്‍ ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. നഗരസഭയുടെ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ചാണ് നിലവില്‍ പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രോഗബാധിതരായ നായകളെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഷെല്‍റ്ററുകളിലേക്ക് മാറ്റി ശുശ്രൂഷിച്ച് ഭേദമാക്കിയ ശേഷം പൊതുജനങ്ങള്‍ക്ക് ദത്ത് നല്‍കാനും ഉദ്ദേശിച്ചിരുന്നു.
ഉത്സാഹമില്ലാതെ സംഘടനകള്‍: എന്നാല്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബാക്കി ചികിത്സ അടക്കമുള്ള നടപടികളിലേക്ക് സന്നദ്ധ സംഘടനകള്‍ക്ക് കടക്കാനാകൂ. സന്നദ്ധ സംഘടനകളുടെ കൂടി പങ്കാളിത്തം കണക്കിലെടുത്താണ് ബൃഹത്തായ യജ്ഞമെന്ന നിലയില്‍ നഗരത്തിലെ തെരുവുനായ പ്രശ്‌നം നേരിടാന്‍ നഗരസഭ തയ്യാറെടുത്തത്. ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരുടെ ലഭ്യതക്കുറവ് കൂടി പരിഗണിച്ചായിരുന്നു പദ്ധതിയില്‍ സന്നദ്ധ സംഘടനകളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്.
നിലവില്‍ നഗരസഭയുടെ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് തെരുവുനായകളുടെ വന്ധ്യകരണ, പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു നഗരസഭ തെരുവുനായ സെന്‍സസ് പൂര്‍ത്തിയാക്കിയതെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നഗരസഭ ഒറ്റയ്ക്കാണ് നടത്തുന്നത്. സന്നദ്ധ സംഘടനകള്‍ സ്വന്തം നിലക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ആരംഭിച്ചാല്‍ മാത്രമേ പദ്ധതി ഫലപ്രദമായി മുന്നോട്ടു നീങ്ങുകയുള്ളു.
Also read:Stray Dog Attack | നിയന്ത്രണം പാളിയതോടെ നാട്ടില്‍ വിലസി തെരുവുനായകള്‍ ; ആക്രമണവേളയിലുണ്ടാകുന്ന പ്രഖ്യാപനങ്ങളല്ലാതെ പരിഹാരം ഇന്നും അകലെ