തിരുവനന്തപുരം : രണ്ടര വർഷം പൂർത്തിയാക്കിയതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, നഗരാസൂത്രണം എന്നിങ്ങനെ നാല് സ്ഥിരം സമിതികളിലേക്കുള്ള പുതിയ അധ്യക്ഷൻമാരെ ഇന്ന് തെരഞ്ഞെടുക്കും. അതേസമയം സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപിയും യുഡിഎഫും വിട്ടുനിൽക്കും.
പുതിയ ചുമതലകൾ പ്രകാരം വികസനം വള്ളക്കടവ് കൗൺസിലർ ഷാജിത നാസറിനും, വിദ്യാഭ്യാസം, കായികം എന്നീ വകുപ്പുകൾ കണ്ണമൂല കൗൺസിലർ ശരണ്യ എസ് എസിനും, നഗരാസൂത്രണം പേട്ട കൗൺസിലർ സി എസ് സുജാദേവിക്കും, ആരോഗ്യം വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനും നൽകും.
യുവാക്കൾക്ക് പരിഗണന :സിപിഎം ജില്ല കമ്മിറ്റിയാണ് പുതിയ അധ്യക്ഷൻമാരെ തീരുമാനിച്ചത്. വിവാദങ്ങളിൽപ്പെട്ടവരെ ഒഴിവാക്കിയും യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകിയും ആണ് പുതിയ അധ്യക്ഷന്മാരെ തീരുമാനിച്ചിട്ടുള്ളത്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ അഴിച്ച് പണിയാനുള്ള മുൻ ധാരണ പ്രകാരം നാല് അധ്യക്ഷന്മാർ ഉൾപ്പടെ ആറ് പേരായിരുന്നു നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റികളിൽ നിന്ന് രാജിവച്ചത്.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ, വികസന കാര്യ ചെയർമാൻ എൽഎസ് ആതിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ് സലീം, നഗരാസൂത്രണ അധ്യക്ഷ ജിഷ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീന കെഎസ് എന്നിവരും സ്ഥാനം ഒഴിഞ്ഞിരുന്നു.
നഗരസഭയിലെ കത്ത് വിവാദത്തെ തുടർന്ന് മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആർ അനിൽ രാജിവച്ചിരുന്നു. നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മേടയിൽ വിക്രമൻ തന്നെ തുടരും. പാർട്ടി നിർദേശ പ്രകാരമായിരുന്നു നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചത്.
അജിത തങ്കപ്പന്‍റെ രാജി : അടുത്തിടെയാണ് എറണാകുളം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് അജിത തങ്കപ്പന്‍ രാജിവച്ചത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടികെ ഹരിദാസിനാണ് അജിത തങ്കപ്പന്‍ രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസിലെ എ - ഐ ഗ്രൂപ്പുകള്‍ തമ്മിലുളള ധാരണ പ്രകാരമാണ് അജിത രാജിവച്ചത്.
ഗ്രൂപ്പ് ധാരണപ്രകാരം ഐ ഗ്രൂപ്പുകാരിയായ അജിതയും തുടര്‍ന്നുളള രണ്ടര വര്‍ഷം എ ഗ്രൂപ്പുകാരിയായ രാധാമണി പിള്ളയും നഗരസഭ ചെയര്‍പേഴ്‌സണാകുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജൂണ്‍ 27ന് അജിത തങ്കപ്പന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല.
ALSO READ :Thrikkakara Municipality | ചെയർപേഴ്‌സണ്‍ അജിത തങ്കപ്പൻ രാജിവച്ചു ; തീരുമാനം എ, ഐ ഗ്രൂപ്പുകൾ തമ്മിലെ ധാരണ പ്രകാരം
രാധാമണി പിള്ള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചയ്‌ക്ക് ശേഷമേ രാജിവയ്‌ക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണയ്‌ക്കുന്നവരുടെയും നിലപാട്. ഇതിന് പിന്നാലെയാണ് നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അജിതയുടെ രാജി.