തിരുവനന്തപുരം: നാളെ (22 ജൂലൈ) നടക്കാനിരിക്കുന്ന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് നിലവിലെ രാജിവച്ച എൽഡിഎഫ് അംഗങ്ങൾ തന്നെ മത്സരിക്കും. നാല് അധ്യക്ഷന്മാർ ഉൾപ്പെടെ ആറ് പേരായിരുന്നു നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റികളിൽ നിന്നും രാജിവച്ചത്. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, കണ്ണന്മൂല വാർഡ് കൗൺസിലർ എസ്‌എസ് ശരണ്യ, കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ നായർ, പേട്ട വാർഡ് കൗൺസിലർ സിഎസ് സുജാദേവി, വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിത നാസർ, കാച്ചാണി വാർഡ് കൗൺസിലർ പി രമ, എന്നിവരായിരുന്നു സ്ഥിരം സമിതികളിൽ നിന്നും രാജിവച്ചത്.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ, വികസന കാര്യ ചെയർമാൻ എൽഎസ് ആതിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ് സലീം, നഗരാസൂത്രണ അധ്യക്ഷ ജിഷ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീന കെഎസ് എന്നിവരും സ്ഥാനം ഒഴിഞ്ഞിരുന്നു. നാളെ രാവിലെ 10 മണിക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും യുഡിഎഫും നാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രാജിവച്ച സ്ഥിരം സമിതി അംഗങ്ങൾ ഒഴിവുള്ള മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് മത്സരിക്കും. സ്ഥിരം സമിതി അംഗത്വം രാജിവച്ചവരെ തന്നെയാകും പുതിയ അധ്യക്ഷന്മാരായി പരിഗണിക്കുക.
കത്ത് വിവാദത്തെ തുടർന്ന് മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആർ അനിൽ രാജിവച്ചിരുന്നു. നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മേടയിൽ വിക്രമൻ തന്നെ തുടരും. പാർട്ടി നിർദേശ പ്രകാരമായിരുന്നു നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചത്.