തിരുവനന്തപുരം: താത്കാലിക നിയമനത്തിന് സിപിഎം ജില്ല സെക്രട്ടറിയോട് പട്ടിക ചോദിച്ചുള്ള മേയറുടെ കത്ത് വ്യാജമെന്ന് തിരുവനന്തപുരം കോർപറേഷൻ. മേയറുടേതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണ്. ഇത്തരമൊരു കത്ത് മേയറോ മേയറുടെ ഓഫിസോ അയച്ചിട്ടില്ല. നിയമനത്തിനായി ഇത്തരമൊരു കത്തയക്കുന്ന പതിവില്ലെന്നും കോർപറേഷൻ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.
കത്ത് നൽകിയെന്ന് പറയുന്ന തിയതിയിൽ മേയർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. വ്യാജ കത്തിലെ വിവരങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു. നഗരസഭയേയും മേയറേയും ലക്ഷ്യമിട്ട് ഇത്തരത്തിൽ നിരവധി പ്രചരണം നടന്നിട്ടുണ്ട്. അവ പരാജയപ്പെട്ടതോടെയാണ് പുതിയ തന്ത്രവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ വ്യക്തമാക്കി.