കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരസഭയില്‍ കോടികളുടെ അഴിമതി; നടന്നത് ഒന്നേകാല്‍ കോടിയുടെ വായ്‌പാ തട്ടിപ്പ് - ചെറിയതുറ ലോൺ തട്ടിപ്പ്

Thiruvananthapuram corporation loan fraud: തിരുവനന്തപുരം നഗരസഭാ പരിധിയിൽ വരുന്ന വിവിധ സ്വയം സഹായസംഘങ്ങളിൽ നിന്നായി ഒന്നേ കാല്‍ കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. നഗരസഭയില്‍ നിന്നും വായ്‌പ സംഘടിപ്പിച്ച് തരാമെന്ന് വാഗ്‌ദാനം നൽകി വീട്ടമ്മമാരെ പറ്റിച്ച പ്രതി ഗ്രേസിയെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.

Thiruvananthapuram Municipal Corporation news  Thiruvananthapuram Corporation loan fraud  Thiruvananthapuram corporation fraud investigation  തിരുവനന്തപുരം ജില്ലാ വാർത്തകൾ  തിരുവനന്തപുരം നഗരസഭ വായ്‌പാ തട്ടിപ്പ്  Loan fraud in Thiruvananthapuram  ചെറിയതുറ വായ്‌പാ തട്ടിപ്പ്  ചെറിയതുറ ലോൺ തട്ടിപ്പ്  തിരുവനന്തപുരം നഗരസഭ
Thiruvananthapuram corporation loan fraud

By ETV Bharat Kerala Team

Published : Dec 17, 2023, 7:48 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഒന്നേ കാല്‍ കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പ് (Thiruvananthapuram corporation loan fraud) നടന്നതായി റിപ്പോര്‍ട്ട്. നഗരസഭ പരിധിയിലെ വിവിധയിടങ്ങളില്‍ 30 സ്വയം സഹായസംഘങ്ങള്‍ തട്ടിപ്പിന് ഇരയായതായാണ് വ്യവസായ വികസന ഓഫീസറിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നത്.

പരാതിയുമായി അഞ്ച് സ്വയം സഹായസംഘങ്ങൾ: ചെറിയതുറയിലെ അഞ്ച് സ്വയം സഹായസംഘങ്ങളുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപകമായ വായ്‌പാ തട്ടിപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഏഴ് സ്വയം സഹായ സംഘങ്ങളില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തിയത്.

അതേ സമയം ഇത്തരത്തില്‍ 30 വായ്‌പാ തട്ടിപ്പ് നടത്തിയതായാണ് വ്യവസായ വികസന വിഭാഗത്തിന്‍റെ അന്വേഷണത്തില്‍ പുറത്ത് വന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ സെക്രറിക്കാണ് റിപ്പോര്‍ട്ട് നൽകിയത്. സംഭവത്തില്‍ ചെറിയതുറയിലെ സ്ത്രീകളെ വായ്‌പയെടുക്കാന്‍ പ്രേരിപ്പിച്ച് തട്ടിപ്പിന് തുടക്കമിട്ട ഗ്രേസി ഫോര്‍ട്ടിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ ഇതു വരെ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. കേസിലെ പ്രധാന പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ചെറിയതുറയില്‍ നാല് സ്വയം സഹായ സംഘങ്ങള്‍ക്കായി അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപ വ്യാജ മിനിട്‌സ് ബുക്കും ഒപ്പും തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് ഇങ്ങനെ: ചെറിയതുറയിലെ ഇരുപത്തഞ്ചോളം സ്ത്രീകള്‍ക്ക് നഗരസഭയില്‍ നിന്നും വായ്‌പ സംഘടിപ്പിച്ച് തരാമെന്ന് വാഗ്‌ദാനം നൽകിയാണ് പിടിയിലായ ഗ്രേസി തട്ടിപ്പിന് തുടക്കമിട്ടത്. നഗരസഭ ജീവനക്കാരെന്ന് സൂചിപ്പിച്ച് രണ്ട് പേര്‍ കൂടി തട്ടിപ്പിന് ഇരയായവരെ സമീപിച്ചെന്നാണ് പരാതിക്കാരുടെ മൊഴി. പാസ് ബുക്ക് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖ വാങ്ങി വെള്ളകടലാസില്‍ ഇവരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

എന്നാല്‍ പണം ലഭിക്കാതെ മാസങ്ങള്‍ക്ക് ശേഷം വായ്‌പ തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പരാതിക്കാര്‍ തട്ടിപ്പിന് ഇരയായതായി തിരിച്ചറിയുന്നത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന് തുടക്കമിട്ട ഗ്രേസിയെ പിടികൂടുകയായിരുന്നു.

പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വായ്‌പയായി ലഭിക്കുമ്പോള്‍ സബ്‌സിഡി കൂടി ഉള്‍പ്പെടുത്തി ഗുണഭോക്താകള്‍ക്ക് ഒന്നര ലക്ഷം രൂപ തിരിച്ചടച്ചാല്‍ മതി. പൂവച്ചലിലെ അനീന ട്രേഡേഴ്‌സിന്‍റെ അക്കൗണ്ടിലേക്കാണ് തട്ടിപ്പിന് ഇരയായവരുടെ വായ്‌പ നഗരസഭ കൈമാറിയത്. ഇവരുടെ സമ്മതപത്രം ലഭിച്ചതിന് പിന്നാലെയാണ് പണം അനീന ട്രേഡേഴ്‌സിന്‍റെ അക്കൗണ്ടിലേക്ക് ബാങ്ക് പണം കൈമാറിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

സംഭവത്തില്‍ അറസ്റ്റിലായ ഗ്രേസിയെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Also read: പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് : 4.34 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ABOUT THE AUTHOR

...view details