തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ആഭ്യന്തര വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രതിഷേധം. നഗരസഭയുടെ എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരാണ് പ്രതിഷേധിച്ചത്. ചട്ട വിരുദ്ധമായി കെട്ടിടങ്ങള്‍ക്ക് ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭയുടെ നേമം സോണിലെ അഞ്ച് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി എടുത്തത്.
ഇന്നലെ ചേര്‍ന്ന നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിലും ജീവനകാര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ വലിയ ചര്‍ച്ചയും ബഹളവുമുണ്ടായി. നഗരസഭ പരിധിയിലെ വന്‍കിട കെട്ടിടങ്ങളില്‍ വലിയ തോതിലുള്ള ചട്ട വിരുദ്ധ നടപടികള്‍ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എഞ്ചിനിയര്‍മാരുടെ പ്രതിഷേധം.
എന്നാല്‍ ഉദ്യോഗസ്ഥരുടെ പ്രതിഷേധം തദ്ദേശ സ്വയം ഭരണ വകുപ്പില്‍ അറിയിക്കാമെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍റെ മറുപടി. ജീവനക്കാര്‍ക്കെതിരെയുള്ള നടപടികള്‍ നഗരസഭ കൗണ്‍സില്‍ തന്നെ മരവിപ്പിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. കൗണ്‍സിലിന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നീങ്ങാനുള്ള അധികാരമില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പികെ രാജു പറഞ്ഞു.
എന്നാല്‍ നഗരസഭ കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോലും പ്രമേയം പാസാക്കിയിട്ടുള്ളതായി ബിജെപി കൗണ്‍സിലര്‍ ഗിരികുമാര്‍ പരിഹസിക്കുകയായിരുന്നു. ഇതോടെ ഭരണപക്ഷവും ബിജെപിയും തമ്മില്‍ വലിയ തോതിലുള്ള വാഗ്വാദങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന്‍റെ മൈക്ക് ഓഫ് ചെയ്‌തു.
ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി കൗണ്‍സിലില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇറങ്ങിപ്പോക്കിനിടെ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന്‍റെ മൈക്ക് ഓഫ് ചെയ്‌ത നടപടിയെ ബിജെപിയുടെ വനിത കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്‌തതും ചെറിയ തോതിലുള്ള ബഹളത്തിനിടയാക്കി. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് പുറത്ത് പ്രതിഷേധിത്തിലായിരുന്ന ഉദ്യോഗസ്ഥരോടൊപ്പം ചേരുകയായിരുന്നു.
മരണാനന്തര ചടങ്ങിനുള്ള ഉത്‌പന്നങ്ങളുമായി കുടുംബശ്രീ: പ്രതിഷേധങ്ങള്‍ക്കിടയിലും നഗരത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ഉത്‌പന്നങ്ങളുമായി നഗരസഭയുടെ പുതിയ കുടുംബശ്രീ വിപണന കേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. തൈക്കാട് ശാന്തികവാടം ശ്‌മശാനത്തോട് ചേര്‍ന്നാകും പുതിയ വിപണന കേന്ദ്രം സ്ഥാപിക്കുക. കുടുംബശ്രീയുടെ ചെറുകിട സംരംഭക യൂണിറ്റാകും ഇവിടെ സജ്ജീകരിക്കുക.
കുടുംബശ്രീയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പുതിയ വിപണനം ആരംഭിക്കാന്‍ നഗരസഭക്ക് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. കുടുംബശ്രീ ശാന്തികവാടം എന്ന പേരിലാകും യൂണിറ്റ് ആരംഭിക്കുക. മരണാന്തര ചടങ്ങുകള്‍ക്കായുള്ള മുഴുവന്‍ സാധനങ്ങളും പുതിയ വിപണന കേന്ദ്രത്തിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മരണാനന്തര ചടങ്ങുകള്‍ക്കാവശ്യമുള്ള എല്ലാ സാധനങ്ങളുമടങ്ങിയ 250 രൂപയുടെ കിറ്റ്, കുടം, കലം, പട്ട്, കച്ച, തോര്‍ത്ത്, പനിനീര്‍, ചന്ദനത്തിരി, കലശം അടപ്പ്, ചന്ദനം, ഭസ്‌മം, കുങ്കുമം, രാമച്ചം എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാകും കുടുംബശ്രീ യൂണിറ്റ് വഴി ലഭ്യമാക്കുക.