തിരുവനന്തപുരം:വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പതിവ് കൗണ്‍സില്‍ യോഗം ചേരുന്നത്. കത്ത് വിവാദത്തിന്റെ പേരില്‍ നഗരസഭയിലെ പ്രതിപക്ഷ കക്ഷികളായ ബിജെപിയും യുഡിഎഫും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് യോഗം.
തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗം ഇന്ന്; മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം - ബിജെപി
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് പതിവ് കൗണ്‍സില്‍ യോഗം ചേരുന്നത്.
കത്ത് വിവാദം ചര്‍ച്ചചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തി. മേയറെ പിന്തുണച്ച് ഭരണപക്ഷം കൂടിയെത്തിയപ്പോള്‍ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു.
മേയറുടെ രാജി ആവശ്യപ്പെട്ട് കത്ത് പുറത്തു വന്ന ദിവസം മുതല്‍ നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇന്നും യുഡിഎഫ് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം നഗരസഭയ്ക്ക് മുന്നില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കൗണ്‍സില്‍ യോഗം ചേരുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസും ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.