തിരുവനന്തപുരം: 90 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ( എ-ടിയാല്‍) എന്ന കമ്പനി ഏറ്റെടുക്കുമ്പോള്‍ യാത്രക്കാരുടെ പ്രതീക്ഷകൾക്കും ചിറകു മുളയ്ക്കുന്നു.
തല്‍ക്കാലം പേരുമാറ്റേണ്ടതില്ലെന്ന് അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളതിനാല്‍ തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരിന് മാറ്റമുണ്ടാകില്ല. നേരത്തെ അദാനി ഗ്രൂപ്പ് മംഗലുരു വിമാനത്താവളം ഏറ്റെടുത്തപ്പോള്‍ പേരുമാറ്റിയെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. അത്തരം വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ് പേരുമാറ്റം വേണ്ടെന്ന തീരുമാനമെന്നാണ് സൂചന.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും
സ്വകാര്യ വത്കരണത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുക എന്നതു തന്നെയായിരിക്കും അദാനി ലക്ഷ്യം വയ്ക്കുക എന്നുറപ്പാണെന്ന് വ്യോമയാന രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതിന്‍റെ ഭാഗമായി എയര്‍പോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മാളുകൾ വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇക്കാര്യത്തില്‍ എല്ലാ സ്വാതന്ത്ര്യങ്ങളും അദാനിക്കുള്ള സാഹചര്യത്തില്‍ വൈവിധ്യ പൂര്‍ണമായ ഷോപ്പിങ് മാളുകള്‍ക്കും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളും വിമാനത്താവളത്തില്‍ കൂടുതല്‍ വന്നേക്കും. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കിയേക്കുമെന്ന പ്രതീക്ഷയുണ്ട്.
കൂടുതല്‍ വിദേശ ആഭ്യന്തര സര്‍വീസുകള്‍
വിമാന സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിട്ടുള്ള രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് കരാറിലേര്‍പ്പെടുന്നത് വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും തമ്മിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസിന് തിരുവനന്തപുരം കേന്ദ്രമായേക്കാം.
കൂടുതല്‍ വിമാനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിലേക്കായി ലാന്‍ഡിങ് ഫീസ്, പാര്‍ക്കിങ് ഫീസ് എന്നിവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യാം. കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഈ രീതി സ്വീകരിച്ചു കൊണ്ടാണ് കൂടുതല്‍ വിമാന കമ്പനികളെ അവിടേക്ക് സര്‍വീസിനെത്തിക്കുന്നത്. ഈ മാതൃക തിരുവനന്തപുരവും പിന്തുടര്‍ന്നാല്‍ ആഭ്യന്ത, വിദേശ വിമാന സര്‍വീസുകളുടെ കേന്ദ്രമായി തിരുവനന്തപുരം മാറിയേക്കും. ജില്ലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തന്നെ ഇതൊരു സുപ്രധാന കാല്‍വയ്പാകും.
അടിസ്ഥാന സൗകര്യ വികസനം ആശങ്കയില്‍
വിമാനത്താളത്തിന്‍റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 18 ഏക്കറോളം സ്ഥലം ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ഉടമസ്ഥതതയിലാണെങ്കില്‍ അടിസ്ഥാന സൗകര്യത്തിനുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ബാധ്യതയാണ്.
also read: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും
സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ വികസന പ്രവര്‍ത്തനം കേന്ദ്രം വഹിക്കും. എന്നാല്‍ വിമാനത്താവളം അദാനിക്കു കൈമാറുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍ വാങ്ങുകയാണ്. ഇനി സ്ഥലം ഏറ്റെടുക്കുന്നതും അടിസ്ഥാന വികസന പ്രവര്‍ത്തനവും അദാനി സ്വന്തമായി നടത്തേണ്ടിവരും. വലിയ പണച്ചെലവ് വരുന്ന ഈ പ്രവൃത്തികള്‍ അദാനി ഉടനെ ഏറ്റെടുക്കാനിടയില്ല.
പ്രഭാത നടത്തത്തിനും ഫീസ് വരുന്നു
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് കൂടിയായതിനാല്‍ വിമാനത്താവള പരിസരത്ത് താമസിക്കുന്ന ധാരാളം പേര്‍ അവിടെ പ്രഭാത സവാരിക്കെത്തുന്നുണ്ട്. ഇനി മുതല്‍ പ്രഭാത നടത്തിന് ഫീസ് ഏര്‍പ്പെടുത്താന്‍ അദാനി ആലോചിക്കുന്നതായി സൂചനയുണ്ട്. ഒരു സൈക്കിള്‍ പാത കൂടി നിര്‍മ്മിച്ച ശേഷം ഫീസ് ഏര്‍പ്പെടുത്താനാണ് ആലോചന.
തിരുവനന്തപുരം ഒതുക്കപ്പെടുമെന്നും ആശങ്ക
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനി സ്വന്തമാക്കി കഴിഞ്ഞു. അഹമ്മദാബാദ്, മാംഗ്ലൂര്‍, ലക്‌നൗ, ഗുവാഹട്ടി, ആഗ്ര, ജയ്പൂര്‍, തിരുവനന്തപുരം എന്നിവയാണവ. ഈ വിമാനത്താവളങ്ങളില്‍ സുരക്ഷയ്ക്കായി സി.ഐ.എസ്.എഫിനും യാത്രക്കാരുടെ ബാഗേജ് പരിശോധനയ്ക്കായി കസ്റ്റംസ്, എമിഗ്രേഷന്‍ സംവിധാനങ്ങളും നിലവിലുണ്ട്. ഈ ഉദ്യോഗസ്ഥരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ മറ്റ് ചിലവുകളെല്ലാം വഹിക്കേണ്ടത് എയര്‍പോര്‍ട്ട് അതോറിട്ടിയാണ്.
also read: 'അടിസ്ഥാന സൗകര്യത്തിനുപോലും പണമില്ല' ; തിരുവിതാംകൂർ ദേവസ്വംബോർഡ് കടുത്ത പ്രതിസന്ധിയിലെന്ന് മന്ത്രി
എന്നാല്‍ വിമാനത്താവളം അദാനിക്കു ലഭിക്കുന്നതോടെ ഈ ചെലവുകള്‍ അദാനി വഹിക്കേണ്ടി വരും. ഭീമമായ തുക ഈ ഇനത്തില്‍ അദാനി ചെലവഴിക്കേണ്ടി വരും. എന്നാല്‍ ഇതൊഴിവാക്കാന്‍ അഹമ്മദാബാദിനെ പ്രധാന വിമാനത്താവളമാക്കി മറ്റു വിമാനത്താവളങ്ങളെ ഇവിടേക്ക് യാത്രക്കാരെയെത്തിക്കുന്ന ഫീഡര്‍ എയര്‍ പോര്‍ട്ട് ആക്കിയാല്‍ ഇത്തരം പരിശോധനകളെല്ലാം അഹമ്മദാബാദില്‍ മാത്രമാക്കി ചെലവു കുറയ്ക്കാം.
അങ്ങനെ അഹമ്മദാബാദിലേക്ക് യാത്രക്കാരെ എത്തിക്കുന്ന വിമാനത്താവളം മാത്രമായി തിരുവനന്തപുരം മാറിയാല്‍ വെറും രാജ്യാന്തര പദവി പേരിനു മാത്രമുള്ള വിമാനത്താവളമായി തിരുവനന്തപുരം ചുരുങ്ങും. ഇത് തിരുവനന്തപുരത്തിന്‍റെ കഥ കഴിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്.