ഐ.എഫ്.എഫ്.കെ; ലോക വിഭാഗത്തില്‍ സിനിമകളുടെ മായിക പ്രപഞ്ചം - ഐ.എഫ്.എഫ്.കെ 2019
നൂറിലേറെ ചിത്രങ്ങളാണ് ലോകസിനിമ വിഭാഗത്തിലും അന്താരാഷ്ട്ര വിഭാഗത്തിലുമായി ഇത്തവണ പ്രദർശനത്തിനുള്ളത്.
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോകസിനിമാ വിഭാഗത്തിലും അന്താരാഷ്ട്ര മത്സര വിഭാഗത്തിലുമായി നൂറിലേറെ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനുള്ളത്. വിവിധ മാനസികഘടനകളുള്ള മനുഷ്യരുടെ ജീവിതം. സമൂഹത്തിന്‍റെ നിലപാടുകള്‍ക്കൊപ്പം നീങ്ങാനാവതെ ആത്മസംഘര്‍ഷങ്ങളില്‍പ്പെട്ട് പോകുന്നവര്‍. വംശീയതയും സദാചാരവും വിശ്വാസങ്ങളും വീര്‍പ്പുമുട്ടിച്ച് കൊന്നവര്‍. മാനവികതയില്ലാത്ത ഭരണകൂടങ്ങള്‍ക്ക് ഇരയായവര്‍ തുടങ്ങി തന്റെ ജീവിതം തന്നെയാണ് സ്‌ക്രീനിലെ കാഴ്ചയെന്ന് പ്രേക്ഷകന് തോന്നിപ്പോകുന്ന നിമിഷങ്ങളിലൂടെയാണ് ഓരോ സിനിമകളും കടന്ന് പോകുന്നത്.
ഒരേയിടത്ത് ഒറ്റപ്പെട്ടുപോയ പൗരന്മാരെ ഭരണകൂടം വിഘടിപ്പിക്കുന്നതെങ്ങനെയെന്നാണ് അഡല്‍ട്‌സ് ഇന്‍ ദ റൂം എന്ന ചിത്രം കാട്ടിത്തരുന്നത്. ക്യൂബന്‍ പ്രതിസന്ധിക്കാലത്ത് അമേരിക്കയിലേക്കുളള കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു യുവാവിന്‍റെ കഥ പറയുന്ന അര്‍മാന്‍ഡോ കാപോയുടെ ആഗസ്റ്റ് എന്ന ചിത്രവും വ്യത്യസ്തമായ ദൃശ്യയാനുഭവമാണ് നല്‍കുന്നത്.
തീവ്രപ്രണയത്തിന്‍റെ ഇനിയും കണ്ടിട്ടില്ലാത്ത തലങ്ങളാണ് ഫ്രഞ്ച് ചിത്രം ബേണിംഗ് ഗോസ്റ്റ് അന്വേഷിക്കുന്നത്.
ആഭ്യന്തരകലാപ വേദിയായ ബാഗ്ദിലെ ഹൈഫ സ്ട്രീറ്റിലെത്തിയ നാല്‍പ്പത്തിയഞ്ചുകാരനെ യുവാവായ സ്‌നൈപ്പര്‍ വെടിവെച്ചുകൊല്ലുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീണ്ടെടുക്കാന്‍ ആരെയും അയാള്‍ അനുവദിക്കുന്നില്ല. ഇങ്ങനെ ഉടനീളം ഉത്കണ്‌ഠ നിലനിര്‍ത്തുകയാണ് ഇറാഖ് ചിത്രം ഹൈഫ സ്ട്രീറ്റ്.