തിരുവനന്തപുരം:കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാറിയെന്നും പ്രതിപക്ഷ നേതാവ് പത്രകുറിപ്പിലൂടെ ആരോപിച്ചു.
കൊവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകളാണ് ഇവിടെ നടന്നത്. കെ എം എസ് സി എല്ലില്‍ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നും മനസിലാകുന്നത്. വീണ്ടും കോടികളുടെ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകായുക്തയും, എ ജി യും സര്‍ക്കാരിന്‍റെ തന്നെ സാമ്പത്തിക പരിശോധന വിഭാഗവും ഉള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലും അഴിമതിയാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
രാഷ്‌ട്രീയ- ഭരണ നേതൃത്വം ഈ അഴിമതിക്ക് ഒത്താശ ചെയ്യുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്ന കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് ഉള്‍പ്പെടെ പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയ സംഭവത്തിന്‍റെ മറവില്‍ നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നല്‍കിയതെന്നും ആരോപിച്ചു. ഇതിന്‍റെ രേഖകള്‍ നേരത്തെ തന്നെ പുറത്ത് വന്നതാണെന്നും ഇപ്പോള്‍ കൊവിഡ് കാലത്ത് വാങ്ങിയ സാധനങ്ങള്‍ അടക്കം കത്തി നശിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ALSO READ:കെഎംഎസ്‌സിഎല്ലിലെ തീപിടിത്തം : ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍
ഇത് മുഖ്യന്ത്രിയേയും മന്ത്രിമാരെയും രക്ഷിക്കാനുള്ള ശ്രമമായി വേണം കരുതാന്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ ഗോഡൗണുകള്‍ക്ക് തീപിടിച്ചതോടെ അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമം വ്യക്തമാണ്. തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് പറയുന്ന ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ പോലും അഴിമതി ഉള്ളതായാണ് മനസിലാക്കുന്നത്.